കോയമ്പത്തൂർ: സ്‌കൂളിലെ സഹപാഠികളുമായുള്ള പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്ന് ആലത്തൂരിൽനിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ വിദ്യാർത്ഥികകൾ കോയമ്പത്തൂരിലെത്തിയത് ഗോവയിലേക്ക് യാത്ര തിരിക്കാനെന്ന് ഇവരെ കണ്ടെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർ.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കുട്ടികളെ കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. തീവണ്ടിയുടെ സമയം അന്വേഷിച്ച് നിൽക്കുന്നതിനിടെയാണ് മലയാളി സ്‌കൂൾ വിദ്യാർത്ഥികളെ ആർ.പി.എഫ്. ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. പെൺകുട്ടികൾ ഇരട്ടകൾ ആണെന്നത് കണ്ടുപിടിക്കാൻ എളുപ്പമായി.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് കോൺസ്റ്റബിൾ അനീഷും കോൺസ്റ്റബിൾ സുജിത്തും പതിവ് പരിശോധനക്കായാണ് സബ്ഇൻസ്പെക്ടർ ആലിസ് ആന്റണിയുടെ കൂടെ സ്റ്റേഷൻ വരാന്തയിൽ നിന്നിരുന്നത്. സ്റ്റേഷനിലെത്തി തീവണ്ടി സമയം ചോദിച്ചിരുന്ന കുട്ടികളുടെ ചിത്രം ആർ.പി.എഫ്. ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നത് സഹായകമായി. എങ്കിലും യൂണിഫോമിൽ അല്ലാതിരുന്ന ഉദ്യോഗസ്ഥർ ഇവരുമായി സാധാരണഗതിയിൽ സംസാരിച്ച് കാണാതായ കുട്ടികൾ ആണെന്ന് ഉറപ്പിച്ചിരുന്നു.

കാര്യങ്ങൾ പറഞ്ഞു വരുന്നതിനിടെ ഊട്ടിയിൽ നിന്ന് വരികയാണെന്നും ദൂരയാത്ര പ്ലാൻ ചെയ്തിരിക്കുകയാണെന്നും ആണ് ഇവർ ആദ്യം പറഞ്ഞത്. ഉടൻതന്നെ ശിശു സംരക്ഷണ സമിതിയെ അറിയിച്ച് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുത്തി. അവരുടെ നിർദ്ദേശപ്രകാരം കേരള പൊലീസിന് വിവരം കൈമാറുകയായിരുന്നു. പിന്നീട് കുട്ടികളെ ആർ.പി.എഫ്. ഓഫീസിലേക്ക് മാറ്റി. വൈകിട്ട് ആറരയോടെ ആർ.പി.എഫ് ആലത്തൂർ പൊലീസിന് കുട്ടികളെ കൈമാറി.

ഊട്ടിയിൽ നിന്ന് കോയമ്പത്തൂരിൽ തിരിച്ചെത്തിയ കുട്ടികൾ ഇവിടെ മുറിയെടുക്കാൻ ശ്രമിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇതേത്തുടർന്നാണ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തി ദൂരെ യാത്രക്കുള്ള തീവണ്ടിയെ കുറിച്ച് സംശയങ്ങൾ മറ്റുള്ളവരോട് ചോദിച്ചിരുന്നത്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴും വീട്ടിലെ പ്രശ്നങ്ങൾ ആണെന്ന് മാത്രമാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ആദ്യഘട്ടത്തിൽ നേരിയ പരിഭ്രമം കാണിച്ചുവെങ്കിലും ഉദ്യോഗസ്ഥരും ശിശു സംരക്ഷണ സമിതിയും കുട്ടികളോട് അനുകമ്പയോടെ സംസാരിച്ചതോടെ സാധാരണ നിലയിലായി.

ഗോപാലപുരം ചെക്പോസ്റ്റ് വഴി പൊള്ളാച്ചിയിലേക്ക് കടന്ന കുട്ടികൾ രണ്ടുദിവസമായി ഊട്ടിയിൽ തങ്ങിയ ശേഷമാണ് കോയമ്പത്തൂരിൽ വൈകിട്ടോടെ എത്തിയത്. ഇതിനിടെ കയ്യിലുള്ള ഒരു മൊബൈലും ആഭരണവും വിറ്റിരുന്നു. ഇവരെ കണ്ടെത്തുമ്പോൾ കുട്ടികളുടെ കയ്യിൽ 9,110 രൂപയും 40,000 രൂപ വിലമതിക്കുന്ന ആഭരണവും മാത്രമാണ് കൈയിലുണ്ടായിരുന്നത്.

ഊട്ടിയിൽ ഇവർ തങ്ങിയിരുന്ന ലോഡ്ജിലെ വിലാസം ഇവരുടെ കൈവശം ഉണ്ടായിരുന്നു. കുട്ടികൾക്ക് മുറി ലഭ്യമാക്കിയവരെ കുറിച്ചുള്ള അന്വേഷണത്തിന് വേണ്ട തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ വീട് വിട്ടിറങ്ങിയത് വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലെന്നാണ് വെളിപ്പെടുത്തിയത്. തങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികൾ കോയമ്പത്തൂർ ആർപിഎഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോൾ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂർ ആർപിഎഫ് വ്യക്തമാക്കി.

കുട്ടികൾ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമിൽ ഒരു സ്‌ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയതെന്നും പൊലീസ് അറിയിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ മൊഴി ഇതെല്ലാം തള്ളുന്നതാണ്.

പാലക്കാട് ആലത്തൂരിൽ നിന്നും ഒരാഴ്ച കാണാതായ സഹപാഠികളായ നാല് കുട്ടികളെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആൺകുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടിൽ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

പൊള്ളാച്ചിയിൽ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇവർ തമിഴ്‌നാട്ടിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികൾ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. കാണാതായ നാല് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്റർ അടക്കം തമിഴ്‌നാട്ടിൽ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.