തൃശ്ശൂർ: ലോകത്തിന്റെ ഏതൊരു കോണിൽ താമസിക്കുന്നവരാണെങ്കിലും മലയാളികൾ ഒരുമയുടെ കാര്യത്തിൽ മുന്നിലാണ്്. അമേരിക്കയിൽ ആയാലും കാനഡയിൽ ആയാലും പത്ത് മലയാൡകുടുംബങ്ങൾ ഉണ്ടെങ്കിൽ അവിടെ ഒരു മലയാളി അസോസിയേഷൻ ഉണ്ടാകും. സഹജീവിയായ മലയാളിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാൽ ഇടപെടാൻ വേണ്ടി മുന്നിലുണ്ടാകുന്നതും മലയാളികൾ തന്നെയാകും. അത്തരമൊരു മലയാളി കൂട്ടായമ്മയുടെ വിജയത്തിന്റെ കഥയാണ് പറഞ്ഞു വരുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്താൻ മലയാളി കൂട്ടായ്മ ഏക മനസോടെ തെരച്ചിലിന് ഇറങ്ങുകയായിരുന്നു. ഒടുവിൽ യാതൊരാപത്തുമില്ലാതെ കുട്ടി മൂന്നാം ദിനം വീട്ടിൽ എത്തുകയും ചെയ്തു.

സൂറത്തിലെ അഡാജനിൽ താമസിക്കുന്ന മലയാൡ ദമ്പതികളുടെ മകളെയാണ് കാണാതായത്. സൂറത്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടി സ്‌കൂട്ടറിൽ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. ഈ വാഹനവുമായി സ്വന്തം നാടായ കേരളത്തിലെ തൃശ്ശൂരിലേക്ക് തിരിക്കുകയായിരുന്നു 14 വയസുകാരിയായ പെൺകുട്ടി. കേരളം ലക്ഷ്യമാക്കിയാണ് പെൺകുട്ടി യാത്ര തുടർന്നത്. ഇതോടെ സൂറത്ത് പൊലീസും വിശദമായ അന്വേഷണം തുടങ്ങി. സൂറത്തിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പെൺകുട്ടിക്ക് വേണ്ടി രംഗത്തിറങ്ങി. തിരച്ചിൽ സജീവമാക്കുകയും ചെയ്തു.

സൂറത്തിലെ പൊതുപ്രവർത്തകൻ കൂടിയാണ് പെൺകുട്ടിയുടെ പിതാവ് അതുകൊണ്ടു തന്നെ സ്വന്തം വീട്ടിലെ പ്രശ്‌നം എന്ന നിലയിൽ ഈ വിഷയത്തെ മലയാളികൾ സമീപിച്ചു. സൂറത്ത് പൊലീസിലുള്ള മലയാളികളും പരാതിയെ ഗൗരവമായി കണ്ട് അന്വേഷണം നടത്തി. കുടുംബത്തെ ആശ്വസിപ്പിക്കാനും മറ്റുമായി മറ്റ് മലയാളികളും ഒപ്പം നിന്നു. ഒടുവിൽ പ്രാർത്ഥനകൾക്ക് നടുവിൽ നിന്നും പെൺകുട്ടി തിരികെ വീട്ടിൽ എത്തുകയായിരുന്നു.

പെൺകുട്ടിയുടെ ചിത്രം വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയാൽ തിരിച്ചറിയാൻ വേണ്ടിയായിരുന്നു ഇത്. മറ്റ് മലയാളികളുടെ കൂടി സഹായത്തോടെ പെൺകുട്ടി ഇപ്പോൽ തൃശ്ശൂരിലുള്ള വീട്ടിൽ എത്തിയിട്ടുണ്ട്. സുരക്ഷിതയായി പെൺകുട്ടി തിരിച്ചെത്തിയതോടെ എല്ലാവർക്കും നന്ദി പറയാനും പിതാവ് മറന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയിൽ ഞങ്ങളോടൊപ്പം നിൽക്കുകയും ആശ്വസിപ്പിക്കുകയും എന്റെ മോളെ കണ്ടെത്താൻ രാത്രി പകൽ വ്യത്യാസമില്ലാതെ പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഒത്തിരി ആളുകളെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. എന്റെ ആത്മാർത്ഥ സുഹൃത്തുക്കളോട് ഉള്ള കടപ്പാട് ഈ വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

പ്രവാസി സംഘടനകൾക്കും പ്രാർത്ഥനാ സഹായം നൽകിയ വൈദികർക്കും അദ്ദേഹം നന്ദി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഈ വിവരം കൈമാറി കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞതിനൊപ്പം മകളെ കണ്ടെത്തിയ വാർത്ത കൂടി എല്ലാവരിലേക്കും എത്തിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റു പോസ്റ്റുകൾ ഡിലീറ്റ് ചെയ്യണമെന്നും പിതാവ് അഭ്യർത്ഥിച്ചു.