ബുധനാഴ്ച പുലർച്ചെ ലണ്ടനിലെ ഗ്രെൻഫെൽ ടവറിന് തീപിടിച്ച് മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അഞ്ചംഗ കുടുംബത്തെ ജീവനോടെ സുരക്ഷിതരായി പൊലീസ് കണ്ടെത്തിയെന്ന് റിപ്പോർട്ട്. സിറിയയിൽ നിന്നും യുകെയിലേക്ക് പലായനം ചെയ്തിരുന്ന ഖുദയിർ കുടുംബത്തിനാണ് ഈ അവിശ്വസനീയ രക്ഷപ്പെടലുണ്ടായിരിക്കുന്നത്. നിലവിൽ അപകടത്തിൽ ചുരുങ്ങിയത് 79 പേർ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസിന് മരണസംഖ്യ ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ടവർ ബ്ലോക്കിന്റെ പകുതി ഭാഗത്തുള്ള ഏതോ നിലയിലാണിവരുടെ ഫ്ലാറ്റുണ്ടായിരുന്നതെന്ന് കരുതുന്നു. പ്രായപൂർത്തിയായ മൂന്ന് പെൺകുട്ടികളടക്കമുള്ള ഈ കുടുംബത്തെ കാണാതായെന്ന് റിപ്പോർട്ട് ചെയ്തിരുന്നത് അവരെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ടീച്ചറായ കാതറീൻ ലിൻഡ്സെയായിരുന്നു. ഈ പെൺകുട്ടികളിലൊരാളായ റവാനുമായി ഇൻഡിപെന്റന്റ് ഫേസ്‌ബുക്കിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിലൂടെ ഇവർ എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്നും എന്നാൽ അവരുടെ വസ്തുവകകളെല്ലാം വെന്തെരിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

എല്ലാം നഷ്ടപ്പെട്ടിട്ടും നിലവിൽ സമൂഹത്തിന്റെ പൂർണമായ പിന്തുണയും സഹായവും തങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുവെന്നും ഈ പെൺകുട്ടി വെളിപ്പെടുത്തുന്നു. മെട്രൊപൊളിറ്റൻ പൊലീസ് കമാൻഡറായ സ്റ്റുവർട്ട് കൻഡിയാണ് ഇന്നലെ രാവിലെ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ രക്ഷപ്പെട്ടവരുടെയെല്ലാം പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൻഡിയാണ് തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകി വരുന്നത്. മരണസംഖ്യ 79 ആയി ഉയർന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നതും അദ്ദേഹമാണ്. എന്നാൽ ഇവരിൽ വെറും അഞ്ച് പേരെ മാത്രമെ ഔപചാരികമായി തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂവെന്നും കൻഡി വെളിപ്പെടുത്തുന്നു.

ബാക്കിയുള്ളവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കത്തിക്കരിഞ്ഞ് പോയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഖദീജ ഖലൗഫി എന്ന 52 കാരിയെയാണ് ഏറ്റവും അവസാനം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതിന് പുറമെ യാ ഹാഡി സിസി സായെ , 39 വയസുള്ള അബുഫാർസ് ഇബ്രാഹിം, അൻതോണി ഡിസൻ (65) എന്നിവരെയും തിരിച്ചറിഞ്ഞിരുന്നു. അപകടത്തിൽ മരിച്ചവരിൽ ആദ്യം തിരിച്ചറിഞ്ഞിരുന്നത് സിറിയയിൽ നിന്നും ഇവിടേക്ക് കുടിയേറിയ എൻജിനീയറിങ് വിദ്യാർത്ഥിയും 23 കാരനുമായ മുഹമ്മദ് അൽഹജാലിയെയായിരുന്നു.

ഇതിൽ ഖദീജയുടെ ഭർത്താവ് 72കാരൻ സബാഹ് അബ്ദുള്ള രക്ഷപ്പെട്ടിരുന്നു. 17ാം നിലയിൽ നിന്നും ഇദ്ദേഹത്തിന് പുറത്ത് കടതക്കാൻ സാധിച്ചെങ്കിലും ഭാര്യയെ കൈവിട്ട് പോവുകയായിരുന്നു. ഖദീജയുടെ മൃതദേഹം കത്തിക്കരിഞ്ഞ് വിരൂപമായിരുന്നില്ല. മറിച്ച് പുക അമിതമായി ശ്വസിച്ചാണിവർ മരിച്ചതെന്ന് കരുതുന്നു. അപകടത്തിൽ മരിച്ച ഡിസൻ തന്റെ കുടുംബവുമായി അന്ന് രാവിലെ മൂന്ന് മണിക്കായിരുന്നു അവസാനമായി ബന്ധപ്പെട്ടിരുന്നത്. യാ ഹാഡി സിസി സായെ തന്റെ അമ്മയ്ക്കൊപ്പായിരുന്നു ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. അമ്മയെ ഇനിയും കണ്ടെത്താനുണ്ട്. മുഹമ്മദിനൊപ്പം ഒമാർ എന്ന സഹോദരനും ഫ്ലാറ്റിലുണ്ടായിരുന്നു വെങ്കിലും അദ്ദേഹം രക്ഷപ്പെട്ടിരുന്നു.