തിരുവനന്തപുരം: മിഷൻ അനന്തപുരി- കൊതുകു മുക്ത നഗരത്തിന്റെ പകർച്ചവ്യാധി നിയന്ത്രണ പരിപാടി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച്1 എൻ1 പോലുള്ള പകർച്ചവ്യാധികളും വ്യാപകമായി പിടിപെടുകയാണ്. തലസ്ഥാനജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരം സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യപ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. നഗരസഭയിൽ കൂടുതലായി ഡെങ്കിപ്പനി ബാധിതർ ഉള്ളതിനാലാണ് നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി മിഷൻ അനന്തപുരി കൊതുക് മുക്ത നഗരം എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

കഴിഞ്ഞ വർഷം പകർച്ച പനി കുറവായിരുന്നു. എന്നാൽ ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനവും ജലദൗർലഭ്യവും മാലിന്യ പ്രശ്നവും എല്ലാം പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനു കാരണമായി. ഈ വർഷം ജനവരി മുതൽ തന്നെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത ഈ സാഹചര്യത്തിൽ ഓരോ ആരോഗ്യ പ്രവർത്തകരും മൺസൂൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും പകർച്ചവ്യാധി പ്രതിരോധ മാർഗ്ഗങ്ങളും ഊർജ്ജിതമാക്കണം.

കൂടാതെ നഗരസഭയുടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാ പ്രവർത്തകർ എന്നിവരെ മിഷൻ അനന്തപുരിയുടെ ആദ്യഘട്ടമായി നഗരസഭയുടെ 42 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. പകർച്ചപ്പനി വ്യാപിക്കുന്നത് തടയിടാൻ നമ്മൾ ഓരോരുത്തരും മുൻകൈ എടുക്കണം. സ്വന്തം വീടും പരിസരവും മാലിന്യ വിമുക്തമാക്കാനും വെള്ളം കെട്ടി നിൽക്കുന്നത് തടയിടാനും നഗരവാസികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ചടങ്ങിൽ വി എസ്. ശിവകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. തലസ്ഥാന നഗരത്തിന്റെ ചേരിപ്രദേശമായ രാജാജിനഗറിൽ ജീവിതശൈലി രോഗങ്ങളും സാംക്രമിക രോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. അതുകൊണ്ടു തന്നെ രാജാജിനഗറിൽ ഒരു ഹെൽത്ത് സെന്റർ അനിവാര്യമാണെന്നും അതിനാൽ നിലവിലുള്ള നഗര പ്രഥമിക ആരോഗ്യ കേന്ദ്രം പുതുക്കി പണിയുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും ശിവകുമാർ എംഎൽഎ അറിയിച്ചു.

ദൈനംദിന പകർച്ചവ്യാധി റിപ്പോർട്ടിങ് ആപ്ലിക്കേഷൻ മേയർ വി.കെ. പ്രശാന്ത് സ്വിച്ച് ഓൺ ചെയ്തു. പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശ്രീകുമാർ, തമ്പാനൂർ വാർഡ് കൗൺസിലർ അഡ്വ. ജയലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ് എന്നിവർ സംസാരിച്ചു.