ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വൻ പരിപാടികളോടെ കൊടിയിറങ്ങി.

എറ്റോബിക്കോവിലെ മൈക്കിൾ പവർ സ്‌കൂളിന്റെ വിശാലമായ അങ്കണത്തിൽ സെപ്റ്റംബർ മൂന്നിനു വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതിൽപരം ഇനങ്ങളുൾപ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം മഹാബലിയെ വരവേൽക്കുന്നതിനുള്ള വർണാഭമായ ഘോഷയാത്രയുടെ വിളംബരം നയാഗ്രയിലെ 'തരംഗം' ബാൻഡിന്റെ ചടുലമായ ചെണ്ടമേളത്തോടെയായിരുന്നു. മുത്തുക്കുട പിടിച്ചു കൊണ്ട് തുളുനാടൻ ശൈലിയിൽ വസ്ത്ര ധാരണം ചെയ്ത വനിതകളും പുരുഷന്മാരും, താലപ്പൊലിയേന്തിയ കുട്ടികൾ , പുലികളി, ഓണപ്പാട്ടു സംഘങ്ങൾ എന്നിവയുടെ അകമ്പടിയോടെ മഹാബലിക്കു വൻ വരവേൽപ്പ് നൽകി. തുടർന്ന് 'ആൽത്തറ' കൂട്ടായ്മയുടെ കുട്ടനാടൻ വള്ളംകളി.

കാനഡയുടെ കലാസാംസ്‌കാരികമായ ഉന്നതിക്കു തങ്ങളുടെ സംഘടനാ എക്കാലവും ഒരു പടി മുന്നിലുണ്ടാവുമെന്നും, സാമ്പത്തികമല്ല, സാമൂഹ്യ പ്രതിബദ്ധതയ്ക്കാണ് മുൻഗണനയെന്നും ഇന്ത്യൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള വേൾഡ് വിഷൻ പ്രോജക്ടിന് അഞ്ഞൂറ്റിയൊന്നു ഡോളർ സംഭാവന കൈമാറിക്കൊണ്ട് സംഘടനയുടെ പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു. അധ്യക്ഷ പ്രസംഗത്തെ തുടർന്നുള്ള കലാവിരുന്നു അവതാരകരായ ലിസ് കൊച്ചുമ്മനും സണ്ണിയും നിയന്ത്രിച്ചു.

പരമ്പരാഗത നൃത്തങ്ങളുടെ ഇനത്തിൽ സുജാത ഗണേശും സംഘവും അവതരിപ്പിച്ച തിരുവാതിര. കഥകളിയും മോഹിനിയാട്ടവും കോർത്തിണക്കിയ മഞ്ജുള ദാസിന്റെ കേരളം നടനം, എസ് ജി എക്സ്‌പ്രഷൻസിന്റെ മോഹിനിയാട്ടം, നൃത്തകലാകേന്ദ്രയുടെ ഫോക് ഫ്യൂഷൻ ഡാൻസ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. അതോടൊപ്പം ജിഷ ഭക്തൻ, നേഹ ചെമ്മണ്ണൂർ, നൃത്തകലാ കേന്ദ്ര എന്നീ സംഘങ്ങളുടെ ഫ്യൂഷൻ ഡാൻസും, വർഷ മേനോൻ ടീമിന്റെ മാസ്മരികമായ സിനിമാറ്റിക് ഡാൻസും കാണികളുടെ മനം കവർന്നു.

പുത്തൻ തലമുറയിലെ ഗായകരായ അലാന ഈപ്പൻ, അങ്കിത തോമസ്, അഞ്ജലി ജോൺ, അക്ഷയ എന്നിവരുടെ ശ്രവ്യമനോഹരമായ ഗാനങ്ങൾ സദസ്യരുടെ കരഘോഷം നേടി. നിക്കോളാസിന്റെ നേതൃത്വത്തിൽ ആധുനിക സംഗീതോപകരണങ്ങൾ ഉപയോഗിച്ച് മ്യൂസിക് ഫെസ്റ്റ് എന്ന ബാൻഡ് അവതരിപ്പിച്ച ഗാനമേളയായിരുന്നു പ്രധാനമായ ഇനം.

പരിപാടിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മലയാളത്തിലെ സുപ്രസിദ്ധ കഥാകാരന്മാരായ മനോജ് ജാതവേദര്, സുരേഷ് നെല്ലിക്കോട് എന്നിവരും 'പഴമ്പുരാണംസ്', 'ദേശിംഗം' എന്നീ ബ്ലോഗ് എഴുത്തുകാരും ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകൾ പങ്കു വച്ച് കൊണ്ട് ആശംസകൾ നേർന്നു.

അഞ്ഞൂറിൽ പരം അതിഥികൾ സംബന്ധിച്ച ഈ മെഗാ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, മുഖ്യ പ്രായോജകരായ അസറ്റ് ഹോംസിനും മനോജ് കരാത്തയ്ക്കും സെക്രട്ടറി മഞ്ജുള നന്ദി പ്രകാശിപ്പിച്ചു. നടപ്പുവർഷത്തെ ഇനി വരുന്ന പ്രോഗ്രാമുകളായ കാനഡ സർക്കാരിന്റെ വ്യക്ഷത്തൈ നടീൽ, ക്രിസ്മസ് ഗാല എന്നിവയുടെ ഒരുക്കങ്ങൾ ജന പങ്കാളിത്തത്തോടെ വരുന്ന ആഴ്ച ആരംഭിക്കുമെന്നു ഭാരവാഹികളായ പ്രശാന്ത് പൈയും ജോളി ജോസഫും പത്രക്കുറിപ്പിൽ അറിയിച്ചു. ഫോൺ : 6472956474.