കോഴിക്കോട്: യു പി സ്‌ക്കൂൾ അദ്ധ്യാപക പരീക്ഷയുടെ അന്തിമ ഉത്തര സൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ പി എസ് സി ചെയർമാന് പരാതി നൽകി. നേരത്തെ നാലു ചോദ്യങ്ങൾ റദ്ദാക്കിയ പി എസ് സി അത് മൂന്നാക്കി കുറച്ചിരുന്നു. ഒരു ചോദ്യത്തിന്റെ ഉത്തരം തിരുത്തി മറ്റൊന്നാക്കുകയും ചെയ്തു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന രോഗമേത് എന്ന ചോദ്യത്തിന് പ്രമേഹം എന്നാണ് പി എസ് സി ആദ്യം ഉത്തരം നൽകിയത്. ശരിയായ ഉത്തരം ഫാറ്റി ലിവറാണെന്ന് ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും അറിവുണ്ടായിരിക്കെയാണ് പ്രമേഹം എന്ന് പി എസ് സി ഉത്തരം നൽകിയത്.

ഇക്കാര്യം ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിച്ചതോടെയാണ് ഫാറ്റി ലിവർ ആണ് ഉത്തരമെന്ന് പി എസ് സി തിരുത്തിയത്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രയോക്താവ് ആര് എന്ന ചോദ്യവും പി എസ് സി റദ്ദാക്കിയിരുന്നു. ഇതിന്റെ ഉത്തരം ടി കെ മാധവനാണെന്ന് സമ്മതിച്ച് മാർക്ക് കൊടുക്കാൻ പി എസ് സി ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഒരു ആറ്റത്തിന്റെ ഒരു സബ് ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര , our bus went ........ the forest to the river bank, പഠിതാവ് തന്റെ പഠനത്തെ വിമർശനാത്മകമായി സ്വയം വിലയിരുത്തുന്ന രീതിയാണ് ........... എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ റദ്ദാക്കിയിട്ടുള്ളത്. യുപിഎസ് എ പരീക്ഷയുടെ കോഡ് എ യിലെ എഴുപത്തൊന്നാമത്തെ ചോദ്യമായ our bus went...... the forest to the river bank എന്ന ചോദ്യത്തിന്റെ ഉത്തരം പ്രൊവിഷണൽ ആൻസർ കീയിൽ through എന്നായിരുന്നു വന്നത്.

ഇത് ശരിയുത്തരമായിരിക്കെ ഫൈനൽ ആൻസർ കീയിൽ ഈ ചോദ്യം തന്നെ റദ്ദാക്കിയിരിക്കുകയാണ്. ശരിയുത്തരം ഉണ്ടായിട്ടും ചോദ്യം റദ്ദാക്കിയത് എന്തിനാണെന്ന ചോദ്യമാണ് ഉദ്യോഗാർത്ഥികൾ ഉയർത്തുന്നത്. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഉത്തരം through ആണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ സഹിതം ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. കൃത്യമായ ഉത്തരങ്ങൾ ഉണ്ടായിട്ടും വലിയ പിഴവുകൾ വരുത്തിയ പി എസ് സിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതേ സമയം ക്ലറിക്കൽ പിഴവാണെന്നാണ് പി എസ് സി വ്യക്തമാക്കുന്നത്. വിദഗ്ധ സമിതി അംഗീകരിച്ച അന്തിമ ഉത്തര സൂചിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കമ്പ്യൂട്ടറിൽ രേഖപെടുത്തുമ്പോൾ സംഭവിച്ച പിഴവാണെന്നും പി എസ് സി വ്യക്തമാക്കുന്നുണ്ട്.