- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാക്‌സീൻ എടുത്ത ശേഷം ശരീരത്തിൽ രക്തം കട്ടപിടിച്ചു; രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് അളവ് ക്രമാതീതമായി കുറഞ്ഞതും മരണ കാരണമായി; ബിഡിഎസ് വിദ്യാർത്ഥിനിയുടെ മരണത്തെ ഗൗരവത്തോടെ കണ്ട് പിണറായി സർക്കാർ; മിത മോഹന്റെ മരണകാരണം കണ്ടെത്താൻ ഇനി പ്രത്യേക സംഘങ്ങളുടെ അന്വേഷണം
കോഴിക്കോട്: കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥിനി കോഴിക്കോട് സ്വദേശി മിത മോഹൻ (24) കോവിഡ് പ്രതിരോധ വാക്‌സീൻ എടുത്ത ശേഷം ചികിത്സയിലിരിക്കെ മരിച്ച സംഭവം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക സംഘങ്ങൾ അന്വേഷിക്കും. വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.
പിന്നീച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവുണ്ടായെന്നു ബന്ധുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതോടെ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ചിരുന്ന കേസ് പയ്യന്നൂർ ഡിവൈഎസ്‌പിക്കു കൈമാറി. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണു കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മരിച്ചത്. വാക്‌സീൻ എടുത്ത ശേഷം ശരീരത്തിൽ രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് അളവ് ക്രമാതീതമായി കുറയുകയും ചെയ്തായിരുന്നു മരണം. വാക്‌സീൻ എടുത്തവരിൽ ഇത്തരം അവസ്ഥയുണ്ടാകുന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ടു കുടുംബം പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി നൽകിയിരുന്നു.
വാക്‌സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു. വാക്‌സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്‌സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി.
വാക്‌സീൻ എടുത്ത ശേഷമുള്ള പ്രശ്‌നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'' കുടുംബം പറഞ്ഞു. എന്നാൽ ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർത്ഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചിരുന്നു.
മിത മോഹന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡന്റൽ കോളേജ് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഡ്യൂട്ടി നോക്കിയവർക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. കുത്തിവെപ്പ് നടത്തിയശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ട മിതയെ കാഷ്വാലിറ്റിയിൽ ചെന്നിട്ടും ജീവനക്കാർ വേണ്ടത്ര പരിഗണിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോളേജ് യൂണിയൻ ചെയർമാൻ വിനായക് വിജയ് ആരോപിച്ചിരുന്നു.
മിതയെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇതെല്ലാം പരിഗണിച്ചാണ് അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ