ലഖ്നൗ: വനിത ഏകദിന ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ഐക്കൺ മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന ബഹുമതിയാണ് മിതാലി സ്വന്തമാക്കിയത്. 213 ഏകദിന മത്സരങ്ങളിൽ നിന്നുമാണ് ഏകദിന ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ല് പിന്നിട്ടത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന നാലാ ഏകദിനത്തിലാണ് മിതാലി ഈ നേട്ടം കൈവരിച്ചത്. മത്സരം തുടങ്ങുംമുൻപ് 212 മത്സരങ്ങളിൽ നിന്ന് 6974 റൺസായിരുന്നു മിതാലിന്റെ സമ്പാദ്യം. നാലാം ഏകദിനത്തിൽ 21 റൺസ് കൂടി ചേർത്ത് മിതാലി പുതിയ ചരിത്രം സൃഷ്ടിച്ചു. എന്നാൽ, നിർണായക മത്സരത്തിൽ ഇന്ത്യൻ നായികയ്ക്ക് അർധസെഞ്ചുറി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 71 പന്തിൽ നിന്ന് 45 റൺസെടുത്ത മിതാലിനെ ടുമി ഷെകുകുനെ പുറത്താക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപ് കരിയറിൽ പതിനായിരം റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ വനിതാ താരമെന്ന നേട്ടത്തിൽ മിതാലി എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 36 റൺസ് നേടിയാണ് മിതാലി ഈ നാഴികക്കല്ല് പിന്നിട്ടത്. മുൻ ഇംഗ്ലണ്ട് നായിക ഷാർലറ്റ് എഡ്വേഡ്സാണ് ഈ നേട്ടം കൈവരിച്ച ആദ്യ വനിതാ താരം. എന്നാൽ, ഏകദിനത്തിൽ എഡ്വേഡ്സിന് 5992 റൺസ് മാത്രമാണ് നേടാനായത്. മൊത്തം 10273 റൺസാണ് അവരുടെ മൊത്തം സമ്പാദ്യം.

ന്യൂസീലൻഡിന്റെ സുസി ബെയ്റ്റ്സ് (7,849), വെസ്റ്റിൻഡീസിന്റെ സ്റ്റെഫാനി ടെയ്‌ലർ (7,816), ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ് (6,900) എന്നിവരാണ് മിതാലിക്ക് പിന്നിലുള്ളത്.

10 ടെസ്റ്റിൽ നിന്ന് 663 ഉം 213 ഏകദിനത്തിൽ നിന്ന് ഏഴായിരും 89 ടിട്വന്റിയിൽ നിന്ന് 2364 റൺസുമാണ് മിതാലിയുടെ സമ്പാദ്യം.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും തലമുതിർന്ന താരമാണ് 38 കാരിയായ മിതാലി രാജ്, 1999 മുതൽ അവർ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. പുരുഷ ക്രിക്കറ്റിൽ ഇന്ന് ദേശീയ ടീമിലുള്ളവരെക്കാളെല്ലാം സീനിയർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20 വർഷം തികച്ച ഏക വനിതതാരം കൂടിയാണ് മിതാലി.

ഇക്കാലമത്രയും ബാറ്റിങ് മാത്രമായിരുന്നില്ല മിതാലിയുടെ ആയുധം. ക്രിക്കറ്റിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരേ അവർ വാക്കുകൾകൊണ്ടും പ്രതിഷേധിച്ചു. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി പരിഗണിക്കപ്പെട്ടു.

മൂന്നുവർഷം മുമ്പ്, വനിതകളുടെ ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുമ്പത്തെ പത്രസമ്മേളനത്തിൽ, പ്രിയപ്പെട്ട പുരുഷ താരം ആര് എന്ന് മിതാലിയോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ പുരുഷതാരങ്ങളോട് പ്രിയപ്പെട്ട വനിതാ ക്രിക്കറ്റർ ആരെന്ന് ചോദിക്കാറുണ്ടോ എന്ന മറുചോദ്യമായിരുന്നു ഉത്തരം. 2018 ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യൻ കോച്ച് രമേഷ് പവാർ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന മിതാലിയുടെ പരാതിക്കൊടുവിൽ പവാറിന്റെ പണിപോയി.

തമിഴ്‌നാട്ടുകാരനായ ദോരൈരാജിന്റെയും ലീലാ രാജിന്റെയും മകളായ മിതാലി, എട്ടുവയസ്സുവരെ ക്രിക്കറ്റിനൊപ്പം നൃത്തവും പരിശീലിച്ചു. രണ്ടിലൊന്ന് എന്ന തീരുമാനം വേണ്ടിവന്നപ്പോൾ ക്രിക്കറ്റിന്റെ കൈപിടിച്ചു. 2003-ൽ അർജുന അവാർഡും 2015-ൽ പത്മശ്രീയും നൽകി രാജ്യം മിതാലിയെ ആദരിച്ചു.