- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാലാം വയസ്സിൽ ലോകകപ്പ് സാധ്യതാ പട്ടികയിൽ; അരങ്ങേറ്റം സെഞ്ചുറിയോടെ; കരിയറിലെ മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി; 39-ാം വയസിലെ വിരമിക്കൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത ക്രിക്കറ്റർ എന്ന ഖ്യാതിയുമായി; മിതാലി രാജിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ന്യൂഡൽഹി: മിതാലി രാജ്, രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റർ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടെ ക്രിക്കറ്റിന്റെ റെക്കോർഡ് ബുക്കിൽ എണ്ണിയാലൊടുങ്ങാത്തത്ര തവണ തന്റെ പേര് എഴുതിച്ചേർത്ത ഇതിഹാസ താരം. ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പേരും പെരുമയും സമ്മാനിച്ച ക്യാപ്റ്റൻ.
1999ൽ 16-ാം വയസിൽ സെഞ്ചുറിയോടെ കരിയറിന് തുടക്കമിട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം ലോക ക്രിക്കറ്റ് അടക്കിവാണ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം 39-ാം വയസിൽ ഉണ്ടാകുമ്പോൾ ക്രിക്കറ്റ് ലോകത്തിന് അമ്പരപ്പ് മാറിയിട്ടില്ല. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണു മിതാലി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത്. മിതാലിക്ക് നന്ദിയറിയിച്ചും ആശംസകളുമായി ഐസിസിയും ബിസിസിഐയും മുൻതാരങ്ങളും ഐപിഎൽ ടീമുകളും ആരാധകരും രംഗത്തെത്തി.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് (7805) നേടിയ താരമായി മിതാലിക്കു കീഴിൽ, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനൽ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 2,364 റൺസും 12 ടെസ്റ്റിൽ 699 റൺസും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
ഇന്ത്യൻ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരി കൂടിയാണ്. 23 വർഷം നീണ്ട കരിയറിനാണ് 39-ാം വയസിൽ മിതാലി വിരാമമിടുന്നത്. ഖേൽരത്ന നേടിയ ഏക വനിതാ ക്രിക്കറ്റ് താരമാണ് മിതാലി.
വെറും 14 വയസ്സുള്ളപ്പോൾ 1997 ലോകകപ്പിനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട താരമാണു മിതാലി. രണ്ട് വർഷത്തിനു ശേഷം ഇന്ത്യയ്ക്കായി കളിച്ച അരങ്ങേറ്റ മത്സരത്തിൽ അയർലൻഡിനെതിരെ പുറത്താകാതെ നേടിയത് 114 റൺസ്. 2002ൽ കരിയറിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ചറി (214). രാജ്യാന്തര ക്രിക്കറ്റിലേക്ക് ആ ടീനേജ് താരം വരവറിയിച്ചത് രാജകീയമായിട്ടായിരുന്നു.
അരങ്ങേറ്റത്തിനു ശേഷം താളവും സ്ഥിരതയും കണ്ടെത്താൻ മത്സരങ്ങളുടെ 'നീണ്ടനിര' മിതാലിക്കു വേണ്ടി വന്നില്ല. ബാറ്റിങ്ങിലെ ആ സ്വാഭാവിക ശൈലി കരിയറിന്റെ ഒടുക്കംവരെ നിലനിർത്താനായതും മിതാലിയുടെ നേട്ടമാണ്.
ടീം ഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ മധ്യ ഓവറുകളിൽ നങ്കൂരമിട്ടു കളിച്ചും ഡെത്ത് ഓവറുകളിൽ തകർത്തടിച്ചും ഇന്ത്യൻ ജഴ്സിയിൽ മിതാലി തന്റെ ഇംപാക്ട് പ്രകടമാക്കി. മിക്ക താരങ്ങളും ടെസ്റ്റിൽനിന്നും ഏകദിനത്തിൽനിന്നും വിരമിച്ച് ട്വന്റി20യിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി 2019ൽ ട്വന്റി20യിയിൽനിന്നു മിതാലി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ബാറ്റിങ് ശൈലിയുടെ അപാകതയോ പ്രായക്കൂടുതൽ കൊണ്ടോ ആയിരുന്നില്ല ട്വന്റി20യിൽ നിന്നുള്ള വിരമിക്കൽ. മറിച്ച് ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ മത്സരങ്ങളിൽ തുടരുകയായിരുന്നു ലക്ഷ്യം. ട്വന്റി 20യിൽ 2000ൽ അധികം റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ താരമാണു മിതാലി. കൂടുതൽ മത്സരങ്ങൾ കളിച്ചതുകൊണ്ടാകാം, സാക്ഷാൽ വിരാട് കോലിക്കു പോലും മുൻപേ ഈ നേട്ടത്തിലെത്തിയതാണു മിതാലി. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ വനിതാ താരം ഇപ്പോഴും മിതാലി തന്നെയാണ്.
വനിതാ ടെസ്റ്റിൽ 12 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമായി 699 റൺസാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തിൽ 232 മത്സരങ്ങളിൽ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റൺസ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി മിതാലി തന്നെ. വനിതാ ട്വന്റി 20യിൽ 89 മത്സരങ്ങളിൽ 17 അർധശതകങ്ങളോടെ 2364 റൺസും പേരിലാക്കി.
'കടന്നുപോയ വർഷങ്ങളിൽ എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ 2ാം ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു' എന്ന ട്വീറ്റിനൊപ്പം മിതാലി വിടവാങ്ങൽ കുറിപ്പും പങ്കുവച്ചു.
'ചെറിയ പെൺകുട്ടിയായിരിക്കെ, ഇന്ത്യയുടെ നീല ജഴ്സി അണിയാനുള്ള മോഹവുമായി തുടങ്ങിയതാണ് ഈ യാത്ര. ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. ഏറെ ഉയർച്ചകളും അൽപമൊക്കെ താഴ്ചയും നിറഞ്ഞ യാത്രയായിരുന്നു ഇത്. എല്ലാക്കാര്യങ്ങളും പുതിയ ഓരോ പാഠങ്ങളായിരുന്നു. ഏറെ ആത്മസംതൃപ്തി നൽകിയ, വളരെയധികം ആസ്വദിച്ച 23 വർഷങ്ങളാണു കടന്നുപോയത്.
എല്ലാ യാത്രകളും പോലെ, ഈ യാത്രയ്ക്കും ഒരു അന്ത്യമുണ്ടാകേണ്ടത് അനിവാര്യതയാണ്. രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും ഞാൻ വിരമിക്കുന്ന ദിവസമാണിന്ന്. ഓരോ തവണ മൈതാനത്തിറങ്ങിയപ്പൊഴും ഇന്ത്യയുടെ ജയത്തിനായി എന്റെ കഴിവിന്റെ പരമാവധി നൽകാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ജഴ്സി അണിയാൻ ലഭിച്ച അവസരം എപ്പോഴും ഓർമകളിലുണ്ടാകും.
രാജ്യാന്തര കരിയറിനു തിരശ്ശീലയിടാൻ ഏറ്റവും അനിവാര്യമായ സമയം ഇതാണെന്നാണു വിശ്വസിക്കുന്നത്. പ്രതിഭാസമ്പന്നരായ ഒരു പറ്റം യുവതാരങ്ങളുടെ കയ്യിൽ ഇന്ത്യൻ ടീം ഇപ്പോൾ സുരക്ഷിതമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഏറെ ശോഭനീയമാണ്. ബിസിസിഐയോടും സെക്രട്ടറി ജെയ് ഷായോടും, ആദ്യം താരം എന്ന നിലയിലും പിന്നീട് ക്യാപ്റ്റൻ എന്ന നിലയിലും എനിക്കു നൽകിയ പിന്തുണയുടെ പേരിൽ നന്ദി അറിയിക്കുകയാണ്. ഇന്ത്യയെ വളരെക്കാലം നയിക്കാനായത് വലിയ അംഗീകാരമായി കരുതുന്നു.
ഒരു വ്യക്തി എന്ന നിലയിൽ സ്വയം പാകപ്പെടാനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനെത്തന്നെ പാകപ്പെടുത്തിയെടുക്കാനും ഇതു സഹായകമായിട്ടുണ്ടെന്നു വിശ്വസിക്കുന്നു' മിതാലിയുടെ കുറിപ്പിൽ പറയുന്നു.
2018ലെ ട്വന്റി20 ലോകകപ്പ് സെമിയിൽ തന്നെ ഉൾപ്പെടുത്തിയില്ല എന്ന് ആരോപിച്ച് കോച്ച് രമേഷ് പൊവാർ, ക്രിക്കറ്റ് ഭരണസമിതി അംഗം ഡിയാന എദുൽജി എന്നിവർക്കെതിരെ ബിസിസിഐക്കു കത്തയച്ച സംഭവം മാത്രമാണു സുദീർഘമായ കരിയറിനിടെ വിവാദത്തിലേക്കു വഴിതെളിച്ച സംഭവം. ടീം എന്നതിനപ്പുറം വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടിയാണു മിതാലി കളിക്കുന്നതെന്നും ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി കളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിരമിക്കുമെന്നു മിതാലി ഭീഷണിപ്പെടുത്തിയതായും രമേഷ് പൊവാർ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
2005ലാണ് മിതാലിക്ക് ഇന്ത്യയെ നയിക്കാൻ ആദ്യമായി അവസരം ലഭിച്ചത്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ധാന അടക്കമുള്ള സൂപ്പർ താരങ്ങൾ അരങ്ങേറിയതും മിതാലിക്കു കീഴിലാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. ലോകകപ്പിൽ ഇന്ത്യയ്ക്കു ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെങ്കിലും അവസാന രാജ്യാന്തര മത്സരത്തിൽ 84 പന്തിൽ 68 റൺസെടുത്ത് മിതാലി തിളങ്ങിയിരുന്നു.
ഒന്നര പതിറ്റാണ്ടോളമെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ഗേൾ മാത്രമല്ല, മേൽവിലാസം കൂടിയായിരുന്നു മിതാലി രാജ്! 39ാം വയസ്സിൽ ക്രിക്കറ്റിനോടു വിടപറയുമ്പോൾ അന്ത്യമാകുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ 'മിതാലി യുഗത്തി'നാണ്.
സ്പോർട്സ് ഡെസ്ക്