രീരം മുഴുവൻ വലിയ മുഴകൾ ബാധിച്ച മിഥുൻ ചൗഹാനെന്ന 16-കാരനെ കണ്ടാൽ പേടിക്കാത്തവരുണ്ടാകില്ല. മുഖം മറച്ചുകൊണ്ടുള്ള വലിയ മുഴ അവന്റെ ജീവിതം പോലും അസാധ്യമാക്കിയിരിക്കുന്നു. മുഴമനുഷ്യനെന്ന് അയൽക്കാരും ബന്ധുക്കളും കളിയാക്കി വിളിക്കുന്ന മിഥുനെ അത്യപൂർവമായ ജനിതക രോഗമാണ് ഈ വിധത്തിലാക്കിയത്.

ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന ജനിതക വൈകല്യമാണ് മിഥുന്റെ ജീവിതം അസഹ്യമാക്കിയത്. ശരീരത്തിലെ എല്ലാ ഞെരമ്പുകളുടെയും അറ്റത്ത് ട്യൂമർ ബാധിക്കുന്ന അപൂർവമായ ജനിതക രോഗമാണിത്. 3500 പേരിൽ ഒരാൾക്കുമാത്രമാണ് ഈ രോഗം വരാൻ സാധ്യത. മിഥുനെ കാണുന്നതുപോലും മറ്റുള്ളവർക്ക് അറപ്പായതോടെ, വീട്ടിനുള്ളിൽ തളച്ചിട്ടതുപോലെയാണ് അവന്റെ ജീവിതം.

ഈ രോഗം ബാധിച്ചവരിൽ ഏറ്റവും വികൃതമായ അവസ്ഥയിലാണ് മിഥുനെന്ന് ഡോക്ടർമാർ പറയുന്നു. മുഖത്തിന് മേലെ വലിയ ട്യൂമറുള്ളതിനാൽ ഭക്ഷണം കഴിക്കാനും കാണാനും എന്തിന് ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് മിഥുൻ. ബിഹാറിലെ തനി ഗ്രാമീണരായ മിഥുന്റെ മാതാപിതാക്കൾക്ക് മകനെ ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല.

ഏതായാലും ഇരുളടഞ്ഞുകിടന്ന മിഥുന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ നേരീയ വെളിച്ചം ഇപ്പോൾ തുറന്നിട്ടുണ്ട്. മാധ്യമപ്രവർത്തകനായ സഞ്ജയ് പാണ്ഡെ മിഥുന്റെ ദുരവസ്ഥയെക്കുറിച്ചറിയുകയും ബ്രിട്ടീഷ് ചാനലായ ചാനൽ5-ൽ അതേക്കുറിച്ച് വാർത്ത വരികയും ചെയ്തതോടെ ചികിത്സയ്ക്കുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.

അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മിഥുന്റെ മുഖത്തെ ട്യൂമർ നീക്കം ചെയ്യാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇത് ചിലപ്പോൾ അവന്റെ ജീവിതത്തെ അപകടത്തിലാക്കിയേക്കാമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകുന്നുണ്ട്. എന്നാൽ, ജീവിതത്തിൽ മറ്റൊന്നും ശേഷിക്കുന്നില്ലെന്ന് മിഥുന്റെ അമ്മ ബാച്ചിയ പറയുന്നു.

ആരോഗ്യവാനായി ജനിച്ച മിഥുന്റെ ശരീരത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് അഞ്ചാം വയസ്സുമുതലാണ്. സ്‌കൂളിൽപ്പോലും പോകാനാകാതെ ജീവിതം വീട്ടിൽത്തന്നെ തളച്ചിടുകയായിരുന്നു. സഞ്ജയ് പാണ്ഡെയിലൂടെ ലോകം മിഥുന്റെ കഥയറിഞ്ഞതോടെ, പ്രമുഖ പ്ലാസ്റ്റിക് സർജറി വിദഗ്ധൻ ഡോ. അശ്വിനി ദാസ് ശസ്ത്രക്രിയക്ക് സമ്മതിക്കുകയും ചെയ്തു. ഇൻഡോറിലെ ലൈഫ് കെയർ ഹോസ്പിറ്റലിലാണ് മിഥുന്റെ ശസ്ത്രക്രിയകൾ നടക്കുക.