കൊച്ചി; മലയാള സിനിമയിൽ നടിമാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട വുമൺ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കറിയില്ലെന്ന് നടി മിയ ജോർജ്.'ഇങ്ങനെ ഒരു സംഘടന തുടങ്ങിയെന്ന് വാർത്തകളിൽ കണ്ടു.പക്ഷേ എനിക്കോ മറ്റ് ആർട്ടിസ്റ്റുകൾക്കോ അറിയില്ല ഇത് ഏതാണ് എന്താണ് എന്നൊന്നും...'മിയ പറയുന്നു. പുതിയ സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് കഴിഞ്ഞ ദിവസം നടി ആശ ശരത്തും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് മിയയും സംഘടനയെ തള്ളിപ്പറയുന്നത്.

'ഞാൻ ജീവിക്കുന്നത് കേരളത്തിന് പുറത്താണ്. അഭിനയിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിൽ വരുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു സംഘടനെ കുറിച്ച് എനിക്കറിയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ ഞാൻ പിന്തുണയ്ക്കുന്നത് അമ്മ എന്ന താരസംഘടനയെ മാത്രമായിരിക്കും. കാരണം എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ ഉണ്ടായിരുന്നത് അമ്മ മാത്രമാണ്' എന്നാണ് ആശ പറഞ്ഞത്.

'ഞാൻ മനസ്സിലാക്കിയിടത്തോളം അമ്മയെന്നത് ആർട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണ്.പുതിയ സംഘടനയിൽ അഭിനേതാക്കൾമാത്രമല്ല, ടെക്നീഷ്യന്മാരായ വനിതകളുണ്ട്. 'അമ്മ'യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. സിനിമയ്ക്ക് അകത്തുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ അമ്മയ്ക്ക് ഒരു പരിമിതിയുണ്ട്. എഡിറ്റേഴ്സിനെയും ഡബിങ് ആർട്ടിസ്റ്റുകളെയുമെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള സംഘടനയാകുമ്പോൾ കുറച്ചു പേർക്ക് മാത്രം പരിഗണന കിട്ടുന്നു, ഞങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് മറ്റുള്ളവർക്ക് തോന്നില്ലല്ലോ. അതാണെന്ന് തോന്നുന്നു ഈ സംഘടനയുടെ ലക്ഷ്യം' മിയ പറഞ്ഞു.

'നടിയെന്ന നിലയിൽ ചലച്ചിത്രരംഗത്തുള്ള ആരിൽ നിന്നും തനിക്ക് യാതൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും മിയ പറഞ്ഞു. ഞാൻ വേണേൽ എഴുതി ഒപ്പിട്ടുതരാം. എനിക്ക് ഇതുവരെ അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തിൽ സമീപിച്ചിട്ടില്ല.'

'എനിക്ക് തോന്നുന്നത് നമ്മൾ എങ്ങനെ നിൽക്കുന്നു എന്ന് നോക്കിയാണ് ഓരോരുത്തരും നമ്മെ സമീപിക്കുന്നത് ന്നൊണ് നമ്മൾ ഡീസന്റാണ്, സ്ട്രെയിറ്റ് ഫോർവേർഡ് ആണ്, നെഗറ്റീവ് രീതിയിൽ പോവില്ല, ബോൾഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതൽ കൊടുത്തു കൊണ്ടിരുന്നാൽ ഒരു പ്രശ്നവും വരില്ല എന്നാണ് എന്റെ വിശ്വാസം.'മിയ തന്റെ നിലപാട് വ്യക്തമാക്കുന്നു.