- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെടിഡിസിയിൽ ജോലി വാഗ്ദാനത്തിൽ കോടികൾ തട്ടിയ ജയസൂര്യയുടെയും നേതാക്കളുടെയും ബന്ധം അറിയാവുന്നവൻ: മർദിച്ച് ഭീഷണിപ്പെടുത്തിയത് എസി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫ്; കൊന്നത് സിഐ യു ബിജു? അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിന് പിന്നിൽ സിപിഎമ്മുകാരോ? ഹൃദയം തൊടുന്ന കത്ത് മുഖ്യമന്ത്രിക്ക് എഴുതി ജോയലിന്റെ പിതാവ്
തിരുവനന്തപുരം: ഡിവൈഎഫ്ഐ അടൂർ മേഖലാ ആക്ടിങ് സെക്രട്ടറിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകനും ജില്ലാ നേതാക്കളുടെ സന്തത സഹചാരിയുമായിരുന്ന എംജെ ജോയലിന്റെ മരണം കൊലപാതകമാണെന്ന് പിതാവ് ജോയിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നൽകിയ കത്തിൽ പരാമർശം.
കഴിഞ്ഞ സർക്കാരിന്റെ ഭരണ കാലത്ത് കെടിഡിസിയിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സൈബർ സഖാവ് ജയസൂര്യ പ്രകാശും സിപിഎം നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തു വിടുമെന്ന് ഭയന്ന് ജോയലിനെ അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന യു. ബിജുവിനെ ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോയലിന്റെ പിതാവ് ആരോപിക്കുന്നു. ജയസൂര്യയെ ഉപയോഗിച്ച് നടത്തിയ ജോലി തട്ടിപ്പിന് പിന്നിൽ സിപിഎമ്മിന്റെ മൂന്നു നേതാക്കൾക്ക് പങ്കുണ്ടായിരുന്നു. ജയസൂര്യയുടെ ഡ്രൈവർ ആയിരുന്ന ജോയലിന് ഈ വിവരം മുഴുവൻ അറിയാമായിരുന്നു. അതിന്റെ പേരിൽ മന്ത്രിയായിരുന്ന എ.സി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫംഗം ജോസ് ബാബു ജോയലിനെ സഹോദരിയുടെ വീട്ടിൽ കയറി അടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഞങ്ങളുടെ നേതാക്കളുടെ രഹസ്യം പുറത്തു വിട്ടാൽ നിന്നെ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. ജോയലിന്റെ പിതാവ് ചൂണ്ടിക്കാണിച്ച നേതാക്കളിൽ ഒരാൾ ഇപ്പോൾ കോടികളുടെ രമ്യഹർമ്യം പണിതു കൊണ്ടിരിക്കുകയാണെന്നും പറയുന്നു.
ജോയലിനെ ഭീഷണിപ്പെടുത്തിയ ജോസ് ബാബു ഇക്കുറിയും ഏതെങ്കിലും മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ കടന്നു കൂടാൻ കരുക്കൾ നീക്കിയിരുന്നു. എന്നാൽ, ജോയിക്കുട്ടിയുടെ കത്ത് കണക്കിലെടുത്ത് ഇയാളെ ഒഴിവാക്കി. സിപിഎം നേതാക്കൾക്ക് വേണ്ടി ജോയലിനെ മർദിച്ച അടൂർ സിഐയായിരുന്ന യു. ബിജു വീണ്ടും ഇവിടേക്ക് പോസ്റ്റിങിനായി ശ്രമിക്കുന്നുണ്ടെന്നും അത് നൽകിയാൽ തന്റെ മകന്റെ കൊലപാതക കേസ് അട്ടിമറിക്കുമെന്നും ജോയിക്കുട്ടി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് അടൂർ സിഐ യു. ബിജു ജോയലിനെ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദിച്ചത്. മർദനമേറ്റ് അവശനിലയിലായ ജോയൽ മെയ് 22 ന് മരിച്ചു. ജോയലിന്റെ മരണ കാരണം ലഹരി വസ്തുക്കൾ ഉപയോഗിച്ചതു മൂലമുള്ള ഹൃദയാഘാതമാണെന്ന് പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി. ജോയിക്കുട്ടി മുഖ്യമന്ത്രി മുതൽ താഴേക്ക് അടൂർ ഡിവൈഎസ്പിക്ക് വരെയും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുകയണ്. ഈ ഹർജിയിൽ ഗൂഢാലോചനയുടെ സൂത്രധാരനായി വിശേഷിപ്പിച്ചിരിക്കുന്നത് ജോസ് ബാബുവിനെയാണ്.
കടമ്പനാട് സ്വദേശിയായ ജയസൂര്യ പ്രകാശും തുവയൂർ തെക്ക് സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാത്തോട്ടവും ചേർന്ന് കെടിഡി സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുകയും വിശ്വാസ്യത ഉറപ്പു വരുത്താൻ നിയമന ഉത്തരവ് അതാത് സ്ഥാപനങ്ങളുടെ ലെറ്റർ പാഡിൽ അടിച്ചു നൽകി കോടികൾ തട്ടിയെടുക്കുകയുമാണ് ചെയ്തത്. 2018 ഓഗസ്റ്റിലാണ് ഇരുവരെയും പന്തളം ടൗണിൽ വച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘം കാർ സഹിതം കസ്റ്റഡിയിൽ എടുത്തത്. ജോയലായിരുന്നു ജയസൂര്യയുടെ കാറിന്റെ ഡ്രൈവർ. ജോയലിനെ ഇറക്കി വിട്ട ശേഷം ജയസൂര്യയെയും പ്രശാന്തിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലാകുമ്പോൾ ജയസൂര്യയുടെ കാറിൽ നിന്ന് കെടിഡിസിയുടെ വ്യാജലെറ്റർ പാഡിൽ നിയമന ഉത്തരവും ഉണ്ടായിരുന്നു. ഇതിന് പുറമേ പ്രോമിസറി നോട്ടുകളും പണവും കണ്ടെത്തി. ഇവരുടെ തട്ടിപ്പിന്റെ മുഴുവൻ കാര്യങ്ങളും അറിയാവുന്ന ജോയൽ പിന്നീട് ഈ കേസിൽ നിർണായക സാക്ഷിയാകുമെന്ന് സിപിഎം നേതാക്കൾക്ക് അറിയാമായിരുന്നു.
സോളാർ മോഡൽ തട്ടിപ്പാണ് ജയസൂര്യ നടത്തിയത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലയിലെയും അടൂർ ഏരിയാ കമ്മറ്റിയിലെയും നേതാക്കൾ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകുമെന്ന് വന്നതോടെ വാങ്ങിയ പണം തിരികെ നൽകി പരാതികൾ ഓരോന്നായി പിൻവലിപ്പിക്കാനും ശ്രമം നടന്നു. മൂന്നു കോടിയുടെ തട്ടിപ്പാണ് തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇവർ നടത്തിയത്. ഇതിന് പുറമേ വിസാ തട്ടിപ്പും ഉണ്ടായിരുന്നു. ലെറ്റർ പാഡ്, ചെയർമാന്റെ സീൽ എന്നിവ വ്യാജമായി നിർമ്മിച്ചാണ് ഇവർ കെടിഡിസിയുടെ നിയമന ഉത്തരവ് തയാറാക്കിയത്. ഉദ്യോഗാർഥികൾ നിയമന ഉത്തരവുമായി കെടിഡിസിയിൽ എത്തിയപ്പോഴാണ് തങ്ങൾക്ക് ശരിക്കും പണിയാണ് കിട്ടിയത് എന്നു മനസിലായത്. തുടർന്ന് കെടിഡിസി അധികൃതരും പണം നഷ്ടമായ ഉദ്യോഗാർഥികളും കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പഴുതടച്ച് ആരംഭിച്ച അന്വേഷണത്തിൽ ആദ്യം പുറത്തു വന്നത് പ്രതികളുടെ സിപിഎം ബന്ധമാണ്.
മൂന്നുവർഷത്തോളം സിപിഎം നേതാക്കളും ജയസൂര്യയും ചേർന്ന് നടത്തിയ മുഴുവൻ സാമ്പത്തിക തട്ടിപ്പുകളുടെയും ജോലി തട്ടിപ്പിന്റെയും വ്യാജരേഖ നിർമ്മാണത്തിന്റെയും വിസാ തട്ടിപ്പിന്റെയും വിവരങ്ങൾ ജോയലിന് അറിയാമായിരുന്നുവെന്ന് പിതാവ് ജോയിക്കുട്ടി പറയുന്നു. ജയസൂര്യയെ ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തിയത് അടൂരിലെ സിപിഎം നേതാക്കളാണ്. താൻ കള്ളക്കേസുകളിൽ കുടുങ്ങേണ്ടി വരുമെന്ന് മനസിലാക്കിയ ജോയൽ 2019 അവസാനത്തോടെ ഈ നേതാക്കളുമായി അകന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു.
ഇതോടെ ഫോണിലൂടെയും നേരിട്ടും ഭീഷണി തുടങ്ങി. താൻ ഏതു നിമിഷവുംകൊല്ലപ്പെട്ടേക്കാമെന്ന് ജോയൽ പാർട്ടിയിലുള്ള കൂട്ടുകാരോടും പറഞ്ഞിരുന്നുവെന്ന് ജോയിക്കുട്ടിയുടെ കത്തിലുണ്ട്. കഴിഞ്ഞ വർഷം ജനുവരി ഒന്നിന് രാവിലെ മന്ത്രി എ.സി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫ് അംഗമായ ജോസ് ബാബു അടൂർ ടൗണിലുള്ള ജോയലിന്റെ സഹോദരിയുടെ വീട്ടിൽ ഗേറ്റ് ചാടിക്കടന്ന് എത്തുകയും സഹോദരിയുടെ മുമ്പിൽ വച്ച് ജോയലിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നീ ഞങ്ങളുടെ രഹസ്യം പുറത്തു വിടുമോ? ഞങ്ങൾക്ക് എതിരേ ചെറുവിരൽ അനക്കിയാൽ ഭൂമിക്ക് മുകളിൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. അന്ന് വൈകിട്ടാണ് അടൂർ സിഐയായിരുന്ന യു. ബിജു ജോയലിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചത്. ജോസ് ബാബു അടൂർ കേന്ദ്രീകരിച്ചുള്ള മണ്ണ്, പാറ മാഫിയയുടെ ബിനാമിയും ഏജന്റുമാണ് എന്ന് പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജോയലിന്റെ പിതാവ്.
മറുനാടന് മലയാളി ബ്യൂറോ