കോട്ടയം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തിരുന്നു കൊണ്ട് തന്നെ സാൻഡിയാഗോ മാർട്ടിനും പാറ ഉടമകൾക്കും വേണ്ടി ഹാജരായതോടെയാണ് എം കെ ദാമോദരൻ സ്ഥനം ഒഴിഞ്ഞത്. കെ എം മാണി യുഡിഎഫ് വിട്ടതാകട്ടെ ബാർകോഴ കേസിൽ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഉന്നയിച്ച ശേഷവും. എന്തായാലും നിസ്‌കാസിതരായ രണ്് പേർ ഒരേവഴിയിൽ കണ്ടുമുട്ടിയപ്പോൾ അത് രാഷ്ട്രീയ വൃത്തങ്ങളിൽ പുത്തൻ വിവാദത്തിന് തിരികൊളുത്തി. കെ എം മാണി ഒന്നാം പ്രതിയായ കോഴിക്കോഴ കേസിൽ വിജിലൻസ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് മാണി ഹൈക്കോടതിയിൽ സമീപിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായത് മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവായ എം കെ ദാമോദരനാണ്.

കോഴിക്കച്ചവടക്കാർക്കു നികുതി കുടിശിക ഒഴിവാക്കിക്കൊടുക്കുകയും ആയുർവേദ ഉൽപന്ന കമ്പനികൾക്കു നികുതിയിളവു നൽകുകയും ചെയ്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ. ഇട്ടതിനെതിരെ മാണി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ വക്കാലത്തുമായി എം കെ ദാമോദരൻ ഹാജരായത്. ഈ തീരുമാനങ്ങളിലൂടെ കെ.എം. മാണി 15.5 കോടി രൂപ സ്വന്തമാക്കിയെന്ന അഡ്വ. നോബിൾ മാത്യുവിന്റെ പരാതിയിലാണ് എഫ്.ഐ.ആർ. സമർപ്പിച്ചത്. മാണിയുടെ ഇടപെടലുകളിലൂടെ സംസ്ഥാന സർക്കാരിന് 200 കോടിയോളം രൂപ നഷ്ടമുണ്ടായെന്ന് വിജിലൻസ് എറണാകുളം സെൻട്രൽ ഡിവൈ.എസ്‌പി. ഫിറോസ് എം. റഷീദ് സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആർ. സമർപ്പിക്കുന്നതിനു മുമ്പ് മാണിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ബാർകോഴ ഗൂഢാലോചനയിൽ രമേശ് ചെന്നിത്‌ലയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ അടങ്ങിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതും ബാബുവിന് എതിരായ റെയ്ഡിനെ സ്വാഗതം ചെയ്തതുമായ നടപടി മാണി എൽഡിഎഫിലേക്കെന്നതിന്റെ പ്രത്യക്ഷ സൂചനയാണ് എം കെ ദാമോദരൻ ബന്ധമെന്ന സംശയം ഇപ്പോൾ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. ബാർകോഴയിൽ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മാണി മുന്നണി വിട്ടതെന്ന ആക്ഷേപങ്ങളും ശക്തമാണ്. ഇത് രാഷ്ട്രീയ വിലപേശലിന് വേണ്ടിയാണെന്നും വിലയിരുത്തലുകളുണ്ട്. ഇതിനിടെയാണ് മാണിക്ക് വേണ്ടി എം കെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായ സംഭവവും വിവാദമാകുന്നത്.

കോഴി മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസൺ ഗ്രൂപ്പിന് സർക്കാർ ചുമത്തിയ നികുതി കുടിശികയായ 65 കോടി രൂപ കെ.എം. മാണി ഇടപെട്ട് എഴുതിത്ത്ത്ത്ത്തള്ളിയെന്നാണ് ആക്ഷേപം. എന്നാൽ, ഈ ആക്ഷേപത്തിൽ യാതൊരു കഴമ്പുമില്ലെന്നാണ് മാണിയുടെ വാദം. അതുകൊണ്ട് തന്നെയാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി മാണി ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം എം കെ ദാമോദരനെ തന്നെ അഭിഭാഷകനായി നിയമിച്ചതോടെ വിഷയത്തിൽ ഏറെ രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്.

അതിനിടെ ബാറ്ററി സ്ഥാപനത്തിന് നികുതി ഇളവ് നൽകിയ കേസിൽ കെ എം മാണിയെ വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. മാണിയെ ചോദ്യം ചെയ്യുമെന്ന് കോട്ടയം വിജിലൻസ് എസ്‌പി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിലാണ് മാണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

കുറിച്ചിയിലെ സൂപ്പർ പിഗ്‌മെൻസ് ഉടമ ബെന്നി ഏബ്രഹാമിന് വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈഎസ്‌പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തുന്നത്. സൂപ്പർ പിഗ്‌മെൻസ് ഉടമ ബെന്നി ഏബ്രഹാമിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ബാറ്ററികളിലേക്ക് ആവശ്യമായ ലെഡ് പൗഡർ നിർമ്മിക്കുന്ന യൂണിറ്റിന് 2005 വരെ നാലു ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. പിന്നീട് 2005 ൽ മൂല്യവർധിത നികുതി(വാറ്റ്) വന്നതിനു ശേഷം ഇതിന്റെ നികുതി 12.5 ശതമാനമായി ഉയർത്തി. 201213 വർഷം ഇതിന്റെ നികുതി 13.5 ശതമാനമായി വർധിപ്പിച്ചു. എന്നാൽ 2015 വരെ ബെന്നി ഏബ്രഹാം കൂട്ടിയ നികുതി അടയ്ക്കാൻ തയാറായില്ല. 2005 നു ശേഷം അഞ്ചുശതമാനം നികുതി മാത്രമാണ് അടച്ചുവന്നത്.ഒരു മാസികയിൽ വന്ന ലേഖനത്തിന്റ അടിസ്ഥാനത്തിൽ പാല സ്വദേശിയായ ജോർജ് സി. കാപ്പനാണ് വിജിലൻസിന് പരാതി നൽകിയത്.