കോഴിക്കോട്: കൊടുവള്ളിയിലെ പ്രതിഷേധം ഉടൻ കെട്ടടങ്ങുമെന്നും ഇത്തവണ വെല്ലുവിളിയില്ലെന്നും അട്ടിമറി സാധ്യത കാണുന്നില്ലെന്നും മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എംകെ മുനീർ. അടിസ്ഥാനപരമായി കൊടുവള്ളി ഐക്യജനാധിപത്യ മുന്നണിയുടെ സീറ്റാണ്. ചില പ്രത്യേക കാരണത്താൽ മാത്രം വഴുതിപോയ മണ്ഡലമാണിതെന്നും മുനീർ പറഞ്ഞു.

മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണയം ഹൈദരലി തങ്ങൾ ജനാധിപത്യവത്കരിച്ചു. എല്ലാ മണ്ഡലങ്ങളുടെയും വികാരം നേതൃത്വം തുടക്കത്തിൽതന്നെ പരിഗണിച്ചു. ഇത്തവണ വനിതയെ മത്സരിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കോഴിക്കോട് സൗത്ത് മണ്ഡലം കണ്ടെത്തിയത് അവസാന നിമിഷമാണെന്നും മുനീർ വ്യക്തമാക്കി.

കോഴിക്കോട് സൗത്തിൽ തന്നെ മത്സരിക്കാനാണ് ആഗ്രഹിച്ചത്. പത്ത് വർഷം തന്നെ സ്നേഹിച്ച് ഒപ്പംനിന്ന മണ്ഡലം വിട്ടുപോകാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പ്രത്യേകമായ ചില കാരണങ്ങളാൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ കൊടുവള്ളിയിലേക്ക് പോകണമെന്ന് നിർദേശിച്ചത് പാർട്ടിയാണെന്നും ഒരു ന്യൂസ് ചാനലിനോട് മുനീർ വ്യക്തമാക്കി.