- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചത് താൽക്കാലികമായി; വിവാദത്തിൽ പ്രതികരണവുമായി എം കെ മൂനീർ; ലീഗ് നടപടി ചർച്ചകളുടെ സാധ്യതയെ ഇല്ലാതാക്കുന്നതല്ല; എം.എസ്.എഫ് നേതാക്കൾ പ്രയോഗിച്ച ഭാഷയോട് യോജിപ്പില്ലെന്നും മുനിർ
കോഴിക്കോട്: മുസ്ലിം ലീഗ്- ഹരിത വിവാദത്തിൽ പ്രതികരണവുമായി എം.കെ. മുനീർ. ഹരിതയെ മരവിപ്പിച്ച ലീഗ് നടപടി ചർച്ചകളുടെ വാതിൽ അടക്കുന്നതല്ലെന്ന് മുനീർ പറഞ്ഞു.എം.എസ്.എഫ് നേതൃത്വം പ്രയോഗിച്ച ഭാഷയോട് യോജിപ്പില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് അവരോട് വിശദീകരണം തേടിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ അതിന് മേൽ നടപടിയെടുക്കുമെന്നും അദ്ദേഹം സുചിപ്പിച്ചു.
'ഹരിതയുടെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ചതാണ്. അത് വീണ്ടും തുറക്കാൻ ഏത് സമയത്തും സാധിക്കും.ഹരിത നേതാക്കളെ സിപിഐ.എമ്മിന് വിളയാടാൻ അനുവദിക്കില്ല. പാർട്ടിക്ക് സന്തുലിതമായുള്ള തീരുമാനമെടുത്തേ മുന്നോട്ട് പോകാൻ സാധിക്കൂ.ഹരിത കുറച്ചുകൂടി ചർച്ചയ്ക്ക് നിന്നുകൊടുക്കണമായിരുന്നെന്നും പൊലീസ് കേസും മറ്റുമായി വിഷയം നീണ്ടുപോകുകയാണെന്നുമായിരുന്നു മുനീറിന്റെ വാക്കുകൾ.എല്ലാവരുടേയും മുന്നിൽ ഇരയായി നിൽക്കുന്നത് മുസ്ലിംലീഗാണ്. ഹരിത നേതാക്കൾ കേസിന് പോയതിലൊന്നും തെറ്റ് പറയുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്തികരമല്ലാത്ത തീരുമാനം ഉണ്ടാവാത്തതുകൊണ്ടാവും കേസിന് പോയതെന്നും എം.കെ മുനീർ ചൂണ്ടിക്കാട്ടി.
നേതാക്കൾക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനാണ് ഹരിതയുടെ പ്രവർത്തനം ലീഗ് മരവിപ്പിച്ചത്. ഇതിനെതിരെ ലീഗിൽ തന്നെ വിവാദം മുറുകുകയാണ്. ഹരിതയ്ക്ക് പിന്തുണയർപ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികൾ രംഗത്ത് വന്നു.സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികൾ ലീഗ് നേതൃത്വത്തിന് കത്ത് നൽകി. ലീഗിന്റെ നടപടിക്കെതിരെ പാർട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്.നേരത്തെ ലീഗിന്റെ നിലപാടിൽ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചിരുന്നു.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ പ്രവർത്തനം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം ഹരിതാ നേതാക്കൾ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തീരുമാനിച്ചത്.
ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാർട്ടി നേതൃത്വത്തിന് പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹരിതാ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്.എന്നാൽ പാർട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.ഇതിനെ തുടർന്നാണ് ഹരിത നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ലീഗ് തീരുമാനിച്ചത്.
അതേസമയം സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷൻ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പി.കെ. നവാസിന്റെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ