പകൽ ആർഎസ്എസുമായി തല്ലു കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം; ഒറ്റശ്വാസത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാകില്ല; സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് എം കെ മുനീർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സിപിഎമ്മിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. ആർ എസ് എസിനെ ഭയക്കുന്നില്ലെന്നും സംഘപരിവാറിന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണത്തെ മുനീർ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
"ആർഎസ്എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാവില്ല. പകൽ ആർഎസ്എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം.കോൺഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാർട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യുണിസ്റ്റ് പാർട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകിൽ സിപിഎം ആകുക അല്ലെങ്കിൽ ബിജെപിയാവുക എന്നു പറയും. ആ തിയറി ഇവിടെ നടക്കാൻ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാകില്ല"- മുനീർ പറഞ്ഞു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരായ പ്രമേയമെന്നും എം.കെ മുനീർ ആരോപിച്ചു.
സിഎജി എന്നുകേട്ടാൽ സംഘപരിവാർ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാൻ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാൻ ഈ രാജ്യത്തെ ജനങ്ങൾ തയ്യാറാകും. വരുന്ന എല്ലാ സിഎജി റിപ്പോർട്ടിലും നിങ്ങൾക്കെതിരെയുള്ള പരാമർശം ഉണ്ടായാൽ പ്രമേയം പാസാക്കി സിഎജി റിപ്പോർട്ട് തള്ളുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. അതിലും നല്ലത് സിഎജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്നും മുനീർ. നിങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുക എന്ന നിലപാട് ഈ പ്രമേയത്തിലൂടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങൾ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിർക്കുന്നതായും മുനീർ സഭയിൽ പറഞ്ഞു.
സി ആൻഡ് എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് സി&എജി റിപ്പോർട്ട് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം:
സി&എജി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചിലവുകളുടെയും വരുമാനത്തിന്റെയും ആഡിറ്റ് നടത്തുന്ന ഭരണഘടനാ സ്ഥാപനമാണ്. ഈ ആഡിറ്റ് നടത്തുന്നതിന് നിയമവും കീഴ്‌വഴക്കവും ചട്ടവും നിലവിലുണ്ട്. കാലങ്ങളായി നിലവിലുള്ള നടപടിക്രമങ്ങൾ ബോധപൂർവ്വം മറികടന്നാൽ എന്താണ് ഉണ്ടാവുക.?
സി&എജി ആഡിറ്റ് നടത്തുമ്പോൾ കരട് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകുകയും അവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യുന്ന രീതിയുണ്ട്. അതിനുശേഷം ഈ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് ഭരണഘടനാ സ്ഥാപനമായ സി&എജിയുടെ ഒപ്പോടുകൂടി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു.
ഇവിടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത ചില ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ബാധിക്കപ്പെടുന്ന ആളിന്റെ/സ്ഥാപനത്തിന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് സ്വാഭാവിക നീതി അഥവാ natural justice ന്റെ പ്രാഥമിക തത്വം. ഇത് ലംഘിക്കപ്പെട്ടതിനാൽ സി&എജി റിപ്പോർട്ടിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.
ഈ തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചു പോയാൽ എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മിൽ നിലവിലുള്ള checks and balances അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നു എന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. അതിനാലാണ് ഈ പ്രമേയം.
മറുനാടന് മലയാളി ബ്യൂറോ