- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി ഡിഎംകെ; തമിഴ്‌നാട് ഗവർണർക്ക് കത്ത് നൽകി എം.കെ. സ്റ്റാലിൻ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടത്താൻ തീരുമാനം
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ഡി.എം.കെ മുന്നണി സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചുള്ള കത്ത് നൽകി. ഡി.എം.കെയുടെ 133 പേരടക്കം 159 എംഎൽഎമാർ ഒപ്പിട്ട പിന്തുണ കത്താണ് ഗവർണർക്ക് കൈമാറിയത്.
സർക്കാർ രൂപീകരിക്കാൻ സ്റ്റാലിനെ ഔദ്യോഗികമായി ഗവർണർ വൈകീട്ട് ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന ഡി.എം.കെ നേതാക്കളായ ടി.ആർ. തങ്കബാലു, ദുരൈ മുരുകൻ, എ. രാജ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് ഏഴിന് നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച എം.കെ. സ്റ്റാലിനെ ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. ജയലളിതയുടെയും കരുണാനിധിയുടെയും സാന്നിധ്യമില്ലാതെ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിലേക്ക് ഡി.എം.കെ ഒറ്റക്ക് 133 സീറ്റുകൾ നേടിയപ്പോൾ അണ്ണാ ഡി.എം.കെ മുന്നണി 75 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
സ്ഥാപക നേതാവ് കൂടിയായ കരുണാനിധി വിടവാങ്ങിയതോടെ ഡിഎംകെയുടേയും മുത്തുവേൽ കരുണാധിധി സ്റ്റാലിൻ എന്ന എം കെ സ്റ്റാലിന്റെയും രാഷ്ട്രീയഭാവി കൂടി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു തമിഴ്‌നാട് ഇത്തവണ കണ്ടത്. പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെയെ അധികാരത്തിലേറ്റാൻ സ്റ്റാലിന്റെ കരങ്ങൾക്കാവുമോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ മുഴങ്ങിക്കേട്ടത്.
കരുണാനിധിയുടെ അനന്തരാവകാശി എന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും തമിഴ്‌നാട് ജനത സ്റ്റാലിനിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ മാറ്റ് തെളിയിക്കുന്ന വിധിയെഴുത്തു കൂടിയാണ് ഡിഎംകെയുടെ വൻ വിജയത്തിൽ പ്രതിഫലിക്കുന്നത്.
സ്റ്റാലിൻ എന്ന പേര് ലഭിച്ചതിൽ നിന്നു തുടങ്ങുന്നതാണ് കരുണാനിധിയുടെ മകന്റെ 'രാഷ്ട്രീയ ബന്ധം'. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ മരണപ്പെട്ടതിന് നാല് ദിവസം മുൻപു ജനിച്ച മകന് അദ്ദേഹത്തിന്റെ പേരു നൽകാൻ കരുണാനിധി തീരുമാനിക്കുകയായിരുന്നു. സ്വന്തം താൽപര്യപ്രകാരം ഗോപാലപുരത്ത് ഡിഎംകെയുടെ യുവജനവിഭാഗം സ്ഥാപിച്ചുകൊണ്ട് ആരംഭിച്ച സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം പടിപടിയായാണ് മുകളിലേക്ക് ഉയർന്നുവന്നത്.
മകന് പ്രത്യേക പരിഗണന നൽകുന്നുവെന്ന വിമർശനം ഉണ്ടാവാതിരിക്കാൻ കരുണാനിധിയും ശ്രദ്ധ പുലർത്തിയിരുന്നു, വിശേഷിച്ച് ആദ്യ കാലത്ത്. ഡിഎംകെ 13 വർഷത്തിനു ശേഷം ഭരണം പിടിച്ച 1989ലാണ് സ്റ്റാലിൻ ആദ്യമായി നിയമസഭയിൽ എത്തുന്നത്. എന്നാൽ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ൽ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎൽഎ ആയിത്തന്നെ തുടർന്നു. പിന്നീട് ചെന്നൈ മേയർ സ്ഥാനം ലഭിച്ചപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളാണ് സ്റ്റാലിനെ കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
ഡിഎംകെയിലും സ്റ്റാലിന്റെ വാക്കുകൾക്ക് വില കിട്ടിത്തുടങ്ങുന്നത് ഇക്കാലത്താണ്. ചെന്നൈ മേയർ ആയിരുന്നപ്പോൾ ലഭിച്ച ഭരണപരിചയം പിൽക്കാലത്ത് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും സ്റ്റാലിന് തുണയായിട്ടുണ്ട്.
കരുണാനിധിയുടെ നിഴലിൽ നിന്ന് പുറത്തുവരുന്ന സ്റ്റാലിനെയാണ് പിൽക്കാലത്ത് കണ്ടത്. 2ജി അഴിമതിയിൽ ഡിഎംകെ കോൺഗ്രസ് ബന്ധം ഉലഞ്ഞ കാലത്ത് പാർട്ടി യുപിഎ വിട്ടുവരാൻ ശഠിച്ചത് സ്റ്റാലിൻ ആയിരുന്നു. അവസാനം കരുണാനിധി ആ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. അനാരോഗ്യത്താൽ കരുണാനിധി അവശത നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാതെ 'കലൈജ്ഞർ ആയിരിക്കും മുഖ്യമന്ത്രി'യെന്നാണ് സ്റ്റാലിൻ അന്ന് ജാഗ്രതയോടെ പ്രചരണവേദികളിൽ ഉടനീളം സംസാരിച്ചത്.
അത്തവണത്തെ വോട്ട് ഷെയറിൽ എഐഎഡിഎംകെയിൽ നിന്നും 1.7 ശതമാനം മാത്രം താഴെയായിരുന്നു ഡിഎംകെ എങ്കിലും 136നെതിരെ 98 സീറ്റുകൾ മാത്രമാണ് നേടാനായത്. അച്ഛൻ വീൽചെയറിൽ ആയിരുന്ന ആ കാലയളവിലാണ് തമിഴ്‌നാട് നിയമസഭയിൽ സ്റ്റാലിൻ പാർട്ടിയെ ആദ്യമായി നയിക്കുന്നത്.
കരുണാനിധിയുടെ മരണത്തിനു മുൻപേ വർക്കിങ് പ്രസിഡന്റ് ആയിരുന്ന സ്റ്റാലിൻ ഡിഎംകെയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത് 2018ലാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റും ഡിഎംകെ നേടിയതാണ് പാർട്ടിയെ നയിച്ചുതുടങ്ങിയതിനു ശേഷം നേടിയ ആദ്യവിജയം. സ്റ്റാലിന് വലിയ ദേശീയ ശ്രദ്ധ ലഭിക്കാൻ കാരണമായ ഈ വിജയം ദ്രാവിഡ മണ്ണിൽ വേരൂന്നാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കും കനത്ത തിരിച്ചടിയായിരുന്നു.
സ്വന്തം പാർട്ടിയിൽ സമ്പൂർണ്ണ നിയന്ത്രണമുള്ള സ്റ്റാലിന് മുന്നണിയിലുള്ള അപ്രമാദിത്യവും ശ്രദ്ധേയമാണ്. ഇത്തവണത്തെ സീറ്റ് വീതംവെപ്പിലും അത് ദൃശ്യമായിരുന്നു. 2016ൽ കരുണാനിധി ഉണ്ടായിരുന്നപ്പോൾ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ഇക്കുറി 25 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. അതേസമയം ഇക്കുറി ഡിഎംകെയുടെ അക്കൗണ്ടിൽ നിന്നും കൂടുതൽ സീറ്റ് വിട്ടുനൽകി ഇടത് പാർട്ടികളെ കൂടെ നിർത്താനും സ്റ്റാലിന് കഴിഞ്ഞു. എട്ട് പാർട്ടികളാണ് ഇപ്പോൾ സഖ്യത്തിൽ ഉള്ളത്
പത്ത് വർഷത്തിനു ശേഷമുള്ള ഡിഎംകെയുടെ തിരിച്ചുവരവിൽ മറ്റൊരു ഉദയവും ഡിഎംകെ അണികൾ കാണുന്നുണ്ട്. അത് സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധിയുടെ കടന്നുവരവാണ്. എഐഡിഎംകെ സഖ്യത്തിന്റെ ഭാഗമായ ബിജെപിക്കുവേണ്ടി പ്രചരണം നടത്താനെത്തിയ സമയത്ത് മോദിക്കും അമിത് ഷായ്ക്കുമൊക്കെ എതിരെയുള്ള ഉദയനിധിയുടെ പ്രതികരണങ്ങൾ വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.
ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിൽ നിന്നും ആദ്യമായി മത്സരിച്ച ഉദയനിധി 35,888 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചിരിക്കുന്നത്. ഉദയനിധിക്ക് സ്റ്റാലിൻ മന്ത്രിസ്ഥാനം നൽകുമോ അതോ കരുണാനിധിയുടെ പാതയിൽ കാത്തിരിക്കാൻ പറയുമോ എന്നറിയാനാണ് ഡിഎംകെ അണികൾ കാത്തിരിക്കുന്നത്.