തിരുവനന്തപുരം: എല്ലം ശരിയാക്കാൻ ഇറങ്ങിത്തിരിച്ച പിണറായി സർക്കാറിന്റെ കാരുണ്യത്തിൽ എംഎൽഎമാരുടെ കാര്യവും ശരിയാകുന്നു. നിയമസഭാ സാമാജികരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുകയാണ് സർക്കാർ. സാമാജികരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ശുപാർശം സർക്കാറിന് ലഭിച്ചു. അലവൻസുകൾ അടക്കം ശമ്പളം ഇരട്ടിയാക്കിയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്പീക്കർക്ക് ശുപാർശ കൈമാറിയത്. അലവൻസുകളടക്കം 80,000 രൂപയാക്കാനാണ് റിപ്പോർട്ടിലെ നിർദ്ദേശം. നിലവിൽ എംഎൽഎമർക്ക് ലഭിക്കുന്നത് 39,500 രൂപയാണ്.

രണ്ടു മാസം മുൻപ് രൂപം നൽകിയ ജയിംസ് കമ്മിഷൻ സാമാജികരും മുൻ നിയമസഭാ സാമാജികരും ഉൾപ്പെടെ പൊതുസമൂഹത്തിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ശുപാർശ കൈമാറിയത്. മന്ത്രിമാർ, സ്പീക്കർ, ഡപ്യുട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനായാണ് റിട്ട. ഹൈക്കോടതി ജഡ്ജിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിഷനെ നിയമിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎൽഎമാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്.

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ജനപ്രതിനിധികളിൽ നിന്നും ഈടാക്കിയിരുന്ന ഉയർന്ന വാടക നിരക്ക് പിൻവലിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. ഗവൺമെന്റ് റസ്റ്റ് ഹൗസുകളിൽ എംഎൽഎമാരിൽ നിന്നും എംപിമാരിൽ നിന്നും ഈടാക്കുന്ന വാടക തന്നെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകളിൽ നിന്നും ഈടാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം 50 രൂപ മാത്രം എംഎൽഎമാരും എംപിമാരും ദിവസ വാടക നൽകിയാൽ മതിയാകും. 25 രൂപയാണ് എയർകണ്ടീഷൻ ദിവസ വാടക. ഈ സർക്കാർ അധികാരത്തിലെത്തിയത് മുതൽ മുൻകാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.

എംഎൽഎമാർക്കു വീടു നിർമ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാൻസ് തുക ഇരട്ടിയാക്കിക്കൊണ്ടുള്ള തീരുമാനവും അടുത്തിടെ നടപ്പിലാക്കിയിരുന്നു. വീടു വയ്ക്കുന്നതിന് 20 ലക്ഷം രൂപയും വാഹനം വാങ്ങുന്നതിനു പത്തുലക്ഷം രൂപയും അഡ്വാൻസായി അനുവദിക്കാനുമാണ് നിയമസഭാ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചത്. എംഎൽഎമാരുടെ അഡീഷണൽ പിഎമാരുടെ അലവൻസും വർധിപ്പിച്ചിട്ടുണ്ട്. പലിശയില്ലാതെയാണ് ഇത് ഈടാക്കുക.

എംഎൽഎമാർക്കു വീടു നിർമ്മിക്കുന്നതിനു 10 ലക്ഷം രൂപയും വാഹനത്തിന് അഞ്ചുലക്ഷം രൂപയുമാണു നിലവിൽ അനുവദിച്ചിരുന്നത്. തുക വർധനയ്ക്കു 2016 ജൂൺ 20 മുതൽ പ്രാബല്യമുണ്ടാകും. 2012ൽ ആണു നിയമസഭാംഗങ്ങളുടെ ഭവന നിർമ്മാണ അഡ്വാൻസ് പത്തു ലക്ഷം രൂപയാക്കിയത് അതേ വർഷം തന്നെ വാഹനം വാങ്ങുന്നതിനുള്ള തുക അഞ്ചുലക്ഷം രൂപയാക്കിയിരുന്നു. എംഎൽഎമാരുടെ അഡിഷണൽ പിഎ പ്രതിമാസ അലവൻസ് 12,500 രൂപയിൽ നിന്ന് 20,000 രൂപയായി വർധിപ്പിച്ചു. കഴിഞ്ഞ മാർച്ച് മുതൽ ശമ്പളവർധന പ്രാബല്യത്തിൽ വരും. 2012ൽ ആണ് ഇവരുടെ അലവൻസ് അവസാനം വർധിപ്പിച്ചത്. രണ്ട് അഡിഷണൽ പിഎമാരെ വീതം ഓരോ എംഎൽഎയ്ക്കും നിയമിക്കാം. ഇതിലൊരാളെയാണു പല എംഎൽഎമാരും ഡ്രൈവർമാരായി നിയോഗിക്കുന്നത്.

അതേസമയം കേരളത്തിനെ എംഎൽഎമാരാണ് ശമ്പള കാര്യത്തിൽ മുമ്പന്മാർ എന്ന തെറ്റിദ്ധാരണ വേണ്ട. ഇക്കാര്യത്തിൽ തെലുങ്കാന എംഎൽഎമാരാണ് മുന്നിൽ. പ്രതിമാസ ശമ്പളം 2.50 ലക്ഷം രൂപയാണ് തെലുങ്കാന എംഎൽഎമാരുടെ ശമ്പളം. രാജ്യത്തെ എംഎൽഎമാരുടെ ശരാശരി വേതനം പ്രതിമാസം 1.10 ലക്ഷം രൂപയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്നതു മണിപ്പൂരിലെ സാമാജികരാണ്; 18,500 രൂപ മാത്രം. ത്രിപുരയിൽ 24,200 രൂപയാണ് നിയമസഭാ സാമാജികരുടെ ശമ്പളം. കഴിഞ്ഞ മാസം തമിഴ്‌നാട് എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 55,000 രൂപയിൽനിന്ന് 1.05 ലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു. അവിടെ എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടര കോടി രൂപയാക്കിയും ഉയർത്തുകയും ചെയ്തു.