പൂർവ്വമായ ഒരു വിവാഹത്തിനാണ് അടുത്ത ദിവസം കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. എംഎൽഎയ്ക്ക് വധുവാകുന്നത് സബ്കളക്ടർ. അരുവിക്കര എംഎൽഎയും അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയന്റെ മകനുമായ ശബരീ നാഥും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹമാണ് അപൂർവ്വമാകുന്നത്.

ഗായികയായ സബ്കളക്ടർ എന്ന് പേരെടുത്ത ദിവ്യയും ശബരീനാഥും ജെബി ജംഗ്ഷനിൽ എത്തിയപ്പോൾ പങ്കു വെച്ചതാകട്ടെ പ്രണയ വിശേഷങ്ങളും. കാമുകനായ ശബരി മസിലു പിടിക്കുമ്പോൾ തന്നെ ദിവ്യ പാട്ടുപാടും, ഇതോടെ ടെൻഷനും മാറും. ഇക്കാര്യം ശബരി തന്നെയാണ് ജെബി ജംഗഷനിൽ പറഞ്ഞത്. ഇത് കേട്ടതോടെശബരിക്ക് ആദ്യമായി പാടിക്കൊടുത്ത പ്രണയ ഗാനം ആലപിക്കാനും ദിവ്യ മറന്നില്ല. എംഎൽഎയുടെയും സബ്കളക്ടറുടെയും പ്രണയ വിശേഷങ്ങളും ദിവ്യയുടെ ഗാനാലാപവും ജെബി ജംഗ്ഷന്റെ എപ്പിസോഡിനെ വ്യത്യസ്തമാക്കി.

മണിരത്നത്തിന്റെ മോഹൻലാൽ ചിത്രമായ ഇരുവറിലെ നറുമുഖിയെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ദിവ്യ ആദ്യമായി ശബരിനാഥിന് പാടികൊടുത്തത്. ജെ ബി ജംഗ്ഷനിൽ ദിവ്യ ആ ഗാനമാലപിക്കുന്നതും ശബരി എല്ലാം മറന്ന് ഗാനം ആസ്വദിക്കുന്നതും കാണാം. ഇരുവരും മനസു തുറക്കുന്ന ജെബി ജംഗ്ഷൻ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

ജൂൺ 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം. വൈകുന്നേരം നാലു മണി മുതൽ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സൽക്കാരം നടക്കുന്നത്.

ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശബരീനാഥൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ശബരീനാഥൻ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെകും ഗുർഗാവോണിലെ എംഡിഐയിൽനിന്ന് എംബിഎയും പൂർത്തിയാക്കി.

 

തിരുവനന്തപുരം പാൽകുളങ്കര സ്വദേശിയായ ദിവ്യ, മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ്. സിഎംസി വെള്ളീരിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തെരഞ്ഞെടുത്തത്. 2000ലെ എസ്എസ്എൽസി പരീക്ഷയിൽ മൂന്നാംറാങ്കും ഐഎഎസിന് 48ാം റാങ്കും നേടി.