തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളം കുത്തനെ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിമാരുടെ ശമ്പളം 90,300 രൂപയാക്കാനാണ് നിർദ്ദേശം. നിലവിൽ 52,000 രൂപയായിരുന്നു മന്ത്രിമാരുടെ ശമ്പളം.

എംഎൽഎമാരുടെ ശമ്പളത്തിലും വൻ വർധനവാണ് വരുത്തുന്നത്. രണ്ടിരട്ടിയായാണ് നിയമസഭാ സാമാജികരുടെ ശമ്പളം വർധിക്കുക. 39,000 രൂപയിൽനിന്നും 62,000 രൂപയിലേക്ക് എംഎൽഎമാരുടെ ശമ്പളം കുതിക്കും. നടപ്പ് നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.

സാമാജികരുടെ ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ ജയിംസ് കമ്മീഷനെ സ്പീക്കർ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്കിയത്. എന്നാൽ, കമ്മീഷന്റെ നിർദേശങ്ങൾ അതേപടി അനുസരിച്ചല്ല ബിൽ തയ്യാറാക്കിയിട്ടുള്ളത്.

മന്ത്രിമാരുടെ ശമ്പളം ഒരുലക്ഷത്തി മുപ്പത്തേഴായിരമായി വർധിപ്പിക്കാനായിരുന്നു കമ്മീഷൻ ശുപാർശ. എന്നാൽ, ഇത്രയും വലിയ വർധന ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. നിയമസഭാ സാമാജികരുടെ ശമ്പളം മുപ്പതിനായിരത്തിൽ നിന്ന് തൊണ്ണൂറ്റി രണ്ടായിരമാക്കാനായിരുന്നു ജയിംസ് കമ്മീഷൻ ശുപാർശ.

ശമ്പളപരിഷ്‌കരണ ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.