പട്ന: ട്രെയിൻ യാത്രക്കിടെ അടിവസ്ത്രം മാത്രം ഇട്ട് ബിഹാറിലെ ജെ ഡി യു എം എൽ എ ഗോപാൽ മണ്ഡൽ. ഇത് ചോദ്യം ചെയ്ത സഹയാത്രികനെ എം എൽ എ അസഭ്യം പറയുകയും വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയർന്നു. പട്‌നയിൽ നിന്ന് ഡൽഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.

സ്ത്രീകൾ അടക്കമുള്ള യാത്രക്കാരുള്ള കമ്പാർട്ട്‌മെന്റിൽ വച്ച് അടിവസ്ത്രം മാത്രം ഇട്ട് യാത്ര ചെയ്ത എം എൽ എയെ സഹയാത്രികനായ പ്രഹ്‌ളാദ് എന്നയാൾ ചോദ്യം ചെയ്തു. എന്നാൽ തിരിച്ച് രൂക്ഷമായി പ്രതികരിച്ച ഗോപാൽ മണ്ഡൽ തന്നെയും തന്റെ അമ്മയേയും സഹോദരിയേയും ചേർത്ത് അസഭ്യം പറയുകയും തങ്ങളെ വെടിവയ്ക്കുമെന്ന് ഭീഷണിപെടുത്തിയതായും പ്രഹ്‌ളാദ് പറഞ്ഞു. എം എൽ എ ആണെന്ന് അറിയാതെയാണ് താൻ ഗോപാൽ മണ്ഡലിനെ ചോദ്യം ചെയ്തതെന്നും പ്രഹ്‌ളാദ് വ്യക്തമാക്കി.

അതേസമയം എം എൽ എ കടുത്ത പ്രമേഹ രോഗിയാണെന്നും അത്യാവശ്യമായി ശൗചാലയത്തിൽ പോകുന്നതിനു വേണ്ടി ഇട്ടിരുന്ന വസ്ത്രത്തിൽ തന്നെ പുറത്തേക്കിറങ്ങിയതാണെന്നും എം എൽ എയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാൽ ഇതുവരെ സംഭവത്തിൽ എം എൽ എ നേരിട്ട് പ്രതികരിച്ചിട്ടില്ല.