മനാമ: ലോക കേരള സഭയുടെ നേതൃത്വത്തിൽ പ്രവാസി ബിസിനസ് സമൂഹത്തിൽ നിന്ന് ശേഖരിച്ച തുക ഏറ്റുവാങ്ങാൻ കേരള മന്ത്രി എം.എം.മണി ഈ മാസം 19 ന് ബഹ്‌റൈനിൽ എത്തും. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി സമൂഹം വാഗ്ദാനം ചെയ്ത തുക ഏറ്റുവാങ്ങാൻ മന്ത്രിമാർ എത്തുന്നതിന്റെ ഭാഗമാണ് മണിയുടെ സന്ദർശനവും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് വലിയ തോതിലുള്ള സഹായമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ചത്. സാധാരണക്കാരായ പ്രവാസികൾവരെ ഈ മഹായഞ്ജത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി പങ്കുചേർന്നിരുന്നു.

എന്നാൽ വലിയതോതിലുള്ള തുക കേരളത്തിന്റെ അതിജീവനത്തിന് ആവശ്യമാണ് എന്നതിനാലാണ് ലോക കേരള സഭയും നോർക്കയും ഒത്തുചേർന്ന് സഹായാഭ്യാർഥനയുമായി പ്രവാസികളായ ബിസിനസ് പ്രമുഖരുടെ കൂട്ടായ്മകളിലൂടെ മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെയും കുവൈത്തിലെയും ബിസിനസ് പ്രമുഖരുടെ കൂട്ടായ്മ വിളിച്ചുകൂട്ടാനുള്ള ഗവൺമന്റെിന്റെ നിർദ്ദേശം ലഭിച്ചത് നോർക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ സ്റ്റാന്റിങ് കമ്മിറ്റി ഒന്ന് ചെയർമാനുമായ ഡോ.രവിപിള്ളക്കായിരുന്നു.

സെപ്റ്റംബർ 20 ന് ഹോട്ടൽ പാർക്ക് റെജിസിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ലോക കേരള സഭ അംഗങ്ങളായ സി.വി നാരായണൻ, രാജുകല്ലുംപുറം എന്നിവരുടെ സാന്നിധ്യത്തിൽ രവിപിള്ള നടത്തിയ യോഗത്തിൽ ക്ഷണിക്കപ്പെട്ട നൂറോളം മലയാളി പ്രമുഖർ സംബന്ധിച്ചിരുന്നു. കേരളത്തെ സഹായിക്കാനും പുനർനിർമ്മാണ യഞ്ജത്തിൽ ഭാഗമാകാനും അദ്ദേഹം നടത്തിയ അഭ്യർത്ഥനയുടെ ഭാഗമായി ആ രാത്രിയിൽ രണ്ടുകോടി രൂപയുടെ വാഗ്ദാനമായി എത്തിയത്. എന്നാൽ ആകെ 10 കോടി രൂപയാണ് ബഹ്‌റൈനിലെ മലയാളി ബിസിനസ് സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്നും രവിപിള്ള പറഞ്ഞിരുന്നു. അതേസമയം 19 ന് നടക്കുന്ന ഫണ്ട് ഏറ്റുവാങ്ങൽ പരിപാടിയുടെ ഒരുക്കങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജമായിരിക്കും പരിപാടിയുടെ വേദിയാകുക എന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ' പറഞ്ഞു. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായുള്ള സഹായധന ശേഖരണത്തിന് കരുത്തേകാൻ വരുംദിവസങ്ങളിൽ ആലോചയോഗങ്ങൾ നടക്കുമെന്ന് ലോക കേരള സഭ അംഗം സി.വി നാരായണ പറഞ്ഞു.