- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അപ്പഴേ ഈ വലിയങ് നിർത്തിയേര്; ഞാൻ പണ്ട് നിർത്തിയതും ഇങ്ങനെയാ; ഒരെണ്ണം എടുത്ത് വലിച്ചേച്ച് കളഞ്ഞോ' എന്ന് പിണറായി സഖാവ്; വേണ്ട നിർത്തിയേക്കാമെന്ന് ഞാൻ പറഞ്ഞു'; പുകവലി വലി നിർത്തിയതിനെക്കുറിച്ച് എം എം മണി
കൊച്ചി: വർഷങ്ങളായി തുടരുന്ന തന്റെ പുകവലി ശീലം ഉപേക്ഷിച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ വാക്ക് അനുസരിച്ചെന്ന് എം എം. മണി. ഫ്ളവേഴ്സ് ചാനലിൽ ശ്രീകണ്ഠൻ നായർ അവതാരകനായ 'ഫ്ളവേഴ്സ് ഒരു കോടി ' എന്ന പരിപാടിയിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പുകവലി ശീലം ഉപേക്ഷിച്ചതിനെക്കുറിച്ചുമൊക്കെ എം എം മണി തുറന്നു പറഞ്ഞത്.
ഒരുപാട് സിഗരറ്റ് വലിക്കുന്ന ആളാണോ എന്ന ചോദ്യത്തിന് ഇപ്പോഴൊന്നുമില്ല നിർത്തിയിട്ട് കാലം കുറേ ആയെന്നായിരുന്നു എം.എം മണിയുടെ മറുപടി. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ വലി നിർത്തിച്ചതെന്നും എം.എം മണി പരിപാടിക്കിടെ പറഞ്ഞു.
വീട്ടുകാർ പറഞ്ഞിട്ട് കേൾക്കാത്ത ആൾ പാർട്ടി സെക്രട്ടറി പറഞ്ഞപ്പോൾ വലി നിർത്തിയല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നി എന്നായിരുന്നു എം.എം മണിയുടെ മറുപടി.
'ഒരുപാട് വർഷം വലിച്ചു. ഞാൻ വലിയ വലിയാണെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെ ഇരിക്കെ ഇടുക്കിയിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കുകയാണ്. പിണറായി സഖാവും പ്രകാശ് കാരാട്ടും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരും എല്ലാവരും ഉണ്ട്.
സംസ്ഥാന സെക്രട്ടറി അന്ന് പിണറായി സഖാവാണ്. ഇതിനിടെ ഞാൻ ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് പോകും വലിക്കാനായിട്ട്. വിൽസാണ് വലിക്കുക. ആദ്യം തെറുപ്പുബീഡിയായിരുന്നു. പിന്നെ സെയ്ദു ബീഡി പിന്നെ ഒ.വി എസ് പിന്നെ ബീഡി പോയി ചാർമിനാർ ആയി, സിസറായി, വിൽസായി, ഇങ്ങനെ വലിച്ചു വലിച്ചു അങ്ങ് പോകുകയായിരുന്നു.
ഒരു ദിവസം ഒരു പത്തുമുപ്പതെണ്ണം വരെ വലിക്കും. അങ്ങനെ പരിപാടിക്കിടെ പിണറായി സഖാവ് എന്നെ അന്വേഷിച്ചു. പുകവലിക്കാൻ പോയതാ, വലിച്ചു വലിച്ചു ഒരു പരിവായിട്ടുണ്ട്. പ്രശ്നമാണ് എന്ന് എന്റെ സഹപ്രവർത്തകർ അദ്ദേഹത്തോട് പറഞ്ഞു. എല്ലാവരും കൂടി ഇങ്ങനെ ഇരിക്കുന്ന സമയത്തായിരുന്നു.
അങ്ങനെ ഞാൻ അവിടെ വന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു' അപ്പഴേ ഈ വലിയങ് നിർത്തിയേര്. ഞാൻ പണ്ട് നിർത്തിയതും ഇങ്ങനെയാ ഒരു സിഗരറ്റ് എടുത്ത് ഒറ്റ വലി, കളഞ്ഞു. പിന്നെയങ് നിർത്തി. 'ഒരെണ്ണം എടുത്ത് വലിച്ചേച്ച് കളഞ്ഞോ' എന്ന് പറഞ്ഞു. വലിക്കുകയൊന്നും വേണ്ട നിർത്തിയേക്കാമെന്ന് ഞാൻ പറഞ്ഞു, ഒറ്റയടിക്ക് അങ്ങനെ നിർത്തി, എം.എം മണി പറയുന്നു.
പിന്നെ എപ്പോഴെങ്കിലും വലിക്കാൻ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് വലിച്ചിട്ടില്ല. ഇപ്പോൾ അതിനോട് വെറുപ്പാണ്. അതിൽ നിന്നും മാറി.
' ഞാൻ ഒരു പുനർചിന്തനത്തിൽ ഇരിക്കുമ്പോഴാണ് ഇത്. ഇതൊരു പ്രശ്നമാണല്ലോ എന്ന ബോധത്തിൽ നിൽക്കുമ്പോഴാണ് ഇങ്ങേരുടെ ഇടപെടൽ. നിർത്തിയിട്ട് 15 വർഷമെങ്കിലും ആയിക്കാണും,' എം.എം മണി പറഞ്ഞു. പരിപാടിയിൽ അടിയന്തരാവസ്ഥക്കാലത്തെ അറസ്റ്റിനെ കുറിച്ചും ജയിൽവാസത്തെ കുറിച്ചും എം.എം. മണി തുറുന്നു പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ