തിരുവനന്തപുരം: അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോൾ വി എസ്. അച്യുതാനന്ദനായിരുന്നു സിപിഐ(എം). സംസ്ഥാന സെക്രട്ടറിയെന്ന് മന്ത്രി എം.എം. മണി. വി എസ്. കൂടി കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് താൻ പറയാത്തത് തന്റെ മര്യാദയും സത്യസന്ധതയും കൊണ്ടാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കാട്ടി വി എസ് അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ പ്രതികരണമാണ് മണി നടത്തുന്നത്. മന്ത്രിസ്ഥാനം താൻ രാജിവയ്ക്കില്ലെന്ന സൂചനയാണ് മണി അഭിമുഖത്തിൽ നൽകുന്നത്.

''മണി തെണ്ടിത്തരം പറയില്ല, തലപോയാലും ശരിയും ന്യായവുമേ പറയുകയുള്ളൂ. വിദ്വേഷംകൊണ്ട് ആരോടും പെരുമാറുന്ന രീതി തനിക്കില്ല.'' -മാതൃഭൂമി ന്യൂസിനു നൽകിയ അഭിമുഖത്തിൽ മന്ത്രി എം.എം. മണി വ്യക്തമാക്കി. വി എസ്. അയച്ചുവെന്ന് പറയുന്ന കത്തിനെക്കുറിച്ച് പ്രതികരിക്കുന്നത് തന്റെ അന്തസ്സിന് ചേർന്നതല്ല. വി എസ്സിന്റെ കാര്യം താൻ വിട്ടതാണെന്നും മണി പറഞ്ഞു. ''വി എസ്സിന്റെ കത്തിനെക്കുറിച്ച് പറയുന്നത് സംഘടനാ മര്യാദയല്ല. കേന്ദ്രനേതൃത്വത്തിന് കത്തയച്ചോയെന്ന് അറിയില്ല. പാർട്ടിക്കുവേണ്ടി ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടി കെട്ടിപ്പെടുത്തത് നിരവധിയാളുകളുടെ ത്യാഗത്തിലൂടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ പീഡനം ഏറെ സഹിച്ചിട്ടുണ്ട്. അതുകൊണ്ട് ത്യാഗത്തിന്റെ കഥപറഞ്ഞ് എന്നെ ആരും ഇരുത്താൻ നോക്കേണ്ടാ'' - മണി പറഞ്ഞു.

ത്യാഗത്തിന്റെ പേരിൽ എന്തെങ്കിലും തരണമെന്നുപറഞ്ഞ് പിച്ചച്ചട്ടിയുമായി താൻ നടക്കാറില്ലെന്നും വി എസ്സിനെ പരോക്ഷമായി വിമർശിച്ച് മണി പറഞ്ഞു. മന്ത്രിയാകണമെന്ന് ഒരു വലിയ ജനവിഭാഗം ആഗ്രഹിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദ പ്രസംഗത്തിന്റെ പേരിൽ പാർട്ടിക്കുനേരേ ആക്രമണമുണ്ടായപ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. വെടിയേറ്റവനെ വെട്ടിക്കൊല്ലുന്നതുപോലെ സംസ്ഥാന കമ്മിറ്റിയിൽനിന്നും സസ്പെൻഡ് ചെയ്തു. കേന്ദ്രനേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ സംസ്ഥാനനേതൃത്വവും ചേർന്നാണ് നടപടിയെടുത്തത്. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.

അഞ്ചേരി ബേബി വധത്തിൽ തനിക്ക് യാതൊരു പങ്കുമില്ല. കൊലപാതകം നടന്ന സമയത്ത് കിസാൻസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ മിഡ്നാപ്പുരിലായിരുന്നു. തനിക്കെതിരെ മൊഴിനൽകിയ മോഹൻദാസ് ഇപ്പോൾ ബിജെപി.ക്കാരനാണ്. തർക്കത്തിലായ ഏലത്തോട്ടങ്ങൾ മധ്യസ്ഥത പറഞ്ഞ് കൈയടക്കി അഴിമതികാട്ടിയതിന് താൻ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ മോഹൻദാസിനെ പുറത്താക്കിയതാണ്. മോഹൻദാസിന്റെ മൊഴി എങ്ങനെയാണ് നിർണായകമാകുകയെന്നും മണി ചോദിച്ചു. വിവാദമായ മണക്കാട് പ്രസംഗത്തിൽ ആരെയും താൻ കൊന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി മണി അഭിമുഖത്തിൽ വ്യക്തമാക്കി.