മൂന്നാർ: വി.എസിനെതിരേ രൂക്ഷവിമർശനവുമായി വൈദ്യുതിമന്ത്രി എം.എം.മണി. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തുന്നതെന്നാണ് വിലയിരുത്തൽ. ഇതോടെ സിപിഎമ്മിനുള്ളിൽ പുതിയ ചേരിയുണ്ടാകാനുള്ള സാധ്യത തെളിയുകയാണ്. വലിയ കൈയറ്റങ്ങൾ ഒഴിപ്പിച്ച് മൂന്നാർ ദൗത്യം പുതിയ തലത്തിലെത്തിക്കാനാണ് പിണറായിയുടെ നീക്കം. അതിനിടെയാണ് മണി കൈയേറ്റക്കാർക്ക് വേണ്ടി രംഗത്ത് വരുന്നത്.

കോൺഗ്രസ് നേതാവായ ഉമ്മൻ ചാണ്ടി കാണിച്ച നന്ദിപോലും വി എസ്. സ്വന്തം പാർട്ടിയിലെ എംഎ‍ൽഎ.യോടു കാണിച്ചിട്ടില്ലെന്ന് എം.എം.മണി മൂന്നാറിൽ പറഞ്ഞു. വർഷങ്ങൾക്കുമുൻപ് ഉമ്മൻ ചാണ്ടി മൂന്നാർ സന്ദർശിച്ചവേളയിൽ കോൺഗ്രസ് പ്രവർത്തകർ എസ്.രാജേന്ദ്രൻ എംഎ‍ൽഎ.യുടെ വീടിരിക്കുന്ന സ്ഥലം കൈയേറ്റമാണെന്നു ചൂണ്ടിക്കാണിച്ചെങ്കിലും, ഇതാണോ കൈയേറ്റം എന്നനിലയിൽ മടങ്ങുകയാണുണ്ടായത്. എന്നാൽ, വി എസ്. ആ മര്യാദപോലും കാണിക്കുന്നില്ലെന്ന് മണി പറയുന്നു.

തനിക്കെതിരേ വി.എസിനു പ്രത്യേക അജണ്ടയുണ്ട്. അതിനാലാണ് വർഷങ്ങളായി തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാജേന്ദ്രൻ മൂന്നാറിൽ ജനിച്ചുവളർന്ന ആളാണ്. രാജേന്ദ്രൻ കൈയേറ്റക്കാരനാണെങ്കിൽ വി എസ്. വന്ന് ഒഴിപ്പിക്കട്ടെ. വി എസ്. പറയുന്നതിനെല്ലാം മറുപടി കൊടുക്കേണ്ടകാര്യമില്ല. പ്രായമായ ആളാണ്, ഇടയ്ക്കിടെ ഓർമപ്പിശക് വരും. വി.എസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട എന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്.

എന്നാലും ചിലസമയത്ത് പറയാതിരിക്കാനും പറ്റാത്ത സ്ഥിതിയാെണന്ന് എം.എം.മണി മൂന്നാർ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് തിരുവനന്തപുരത്തും മണി മാധ്യമങ്ങളെ കാണുന്നുണ്ട്.