എ കെ ജി സെന്റർ ആക്രമണം; കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണവുമായി എംഎം മണി; അക്രമത്തിന് പിന്നിൽ കോൺഗ്രസ്സെന്ന് സംശയമുണ്ട്; അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസ്സുകാരെ പിടിച്ച് അകത്തിടമായിരുന്നു;എന്നാൽ ഞങ്ങൾക്ക് ഇക്കാര്യത്തിൽ മാന്യത ഉണ്ടെന്നും എംഎം മണി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എ കെ ജി സെന്റർ അക്രമണത്തിൽ കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണവുമായി എംഎം മണി.അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണോയെന്ന് സംശയമുണ്ടെന്ന് എംഎം മണി നിയമസഭയിൽ പറഞ്ഞു.അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ കൂടുതൽ സംശയമായെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി സി സി അദ്ധ്യക്ഷൻ തന്നെ ആക്രമിക്കുമെന്ന് പറഞ്ഞിരുന്നു.അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ പിടിച്ച് അകത്തിടാമായിരുന്നു.എന്നാൽ ഞങ്ങൾക്ക് ഇക്കാര്യത്തിൽ മാന്യത ഉണ്ട്. അന്വേഷിച്ച് മാത്രമേ യഥാർത്ഥ കുറ്റവാളികളെ ഞങ്ങൾ കണ്ടെത്തൂ.ഈ രീതി കോൺഗ്രസുകാർക്ക് അന്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇതിന് പിന്നാലെ കെപിസിസി അധ്യക്ഷനെയും എംഎം മണി കടന്നാക്രമിച്ചു.അദ്ദേഹത്തിന്റെ പ്രസ്താവനകളും പ്രതികരണങ്ങളും സംശയങ്ങൾ ബലപ്പെടുത്തുന്നതണെന്നും എംഎം മണി കുറ്റപ്പെടുത്തി.നേരത്തേ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി സി വിഷ്ണുനാഥ് സർക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമർശമാണ് ഉന്നയിച്ചത്. എ കെ ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണമാണോ എന്ന് ചോദിച്ച അദ്ദേഹം കരിയില പോലും കത്താത്ത മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം വച്ചുള്ള ഭീകരാക്രമണമായിരുന്നു അതെന്ന് പരിഹസിക്കുകയും ചെയ്തു.
ഇടിഞ്ഞുപൊളിഞ്ഞുവീഴുന്നപോലുള്ള വലിയ ശബ്ദം കേട്ടെന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത്. ഇത്ര വലിയ ശബ്ദം ഉണ്ടായിട്ടും അടുത്തുണ്ടായിരുന്ന പൊലീസുകാർ കേട്ടില്ലേ എന്നും വിഷ്ണുനാഥ് ചോദിച്ചു.ഇന്നുരാവിലെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയപ്പോൾ സഭാ നടപടികൾ നിറുത്തിവച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഒരുമണിക്ക് ആരംഭിച്ച ചർച്ച മൂന്നുമണിക്ക് അവസാനിക്കും. ഈ സഭാകാലയളവിൽ ഇത് രണ്ടാം തവണയാണ് സർക്കാർ സഭ നിർത്തിവച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്ക് സർക്കാർ തയാറാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ