തിരുവനന്തപുരം: മൂന്നാർ തർക്കങ്ങളുടെ പേരിൽ തുടരുന്ന സിപിഐ-സി.പി.എം തർക്കങ്ങൾക്ക് മൂർച്ച കൂട്ടി വൈദ്യുതിമന്ത്രി എം എം മണി രംഗത്ത്. സിപിഐയുടെ എക്കാലത്തേയും മികച്ച നേതാക്കളായ പി കെ വാസുദേവൻ നായരേയും എം എൻ ഗോവിന്ദൻ നായരേയും എം എം മണി പൊതുവേദിയിൽ കടന്നാക്രമിച്ചത് പിന്നിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ആക്ഷേപം. ഇന്നലെ കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൺ സംസ്ഥാന സമ്മേളനവേദിയിലാണ് എം എം മണി പികെ വാസുദേവൻ നായരേയും എം എൻ ഗോവിന്ദൻ നായരേയും കടന്നാക്രമിച്ചത്.

1960 കാലഘട്ടത്തിൽ ഇടുക്കിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി നടത്തിയ പോരാട്ടങ്ങൾ ഓർമപ്പെടുത്തുമ്പോഴാണ് മന്ത്രി സിപിഐ നേതാക്കൾക്കെതിരേ തിരിഞ്ഞത്. '1960ൽ ഞാൻ കുഞ്ചിത്തണ്ണിയിലെ ഒരു ബ്രാഞ്ച് അംഗം മാത്രമായിരുന്നപ്പോൾ നിങ്ങളുടെ യൂണിയന്റെ ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന പി കെ വിയും ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോൾ എം എൻ ഗോവിന്ദൻ നായരുമെല്ലാം നമ്മളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അതിന്റെ ചരിത്രമെല്ലാം മരിച്ചുപോയ സാമിക്ക് (ഇ ബാലാനന്ദൻ) അറിയാമായിരുന്നു. അന്ന് സിപിഐയും കോൺഗ്രസുമായിട്ടാണല്ലോ സർക്കാർ ഉണ്ടാക്കിയത്. ഒരിക്കൽ പി കെ വി സാമിയോട് പറഞ്ഞു 'ബാലാനന്ദാ....നീ പോസ്റ്റിൽനിന്ന് താഴെയിറങ്ങ്....നിങ്ങൾ പറയുന്നതെല്ലാം അംഗീകരിക്കാം' എന്ന്. സാമി പോസ്റ്റിലൊന്നും കേറിയിട്ടല്ല, അതൊരു തരം കളിയാക്കൽ ആയിരുന്നുവെന്നും എം എം മണി പറഞ്ഞു. ചാനലുകാർ ഇല്ലാത്ത തക്കംനോക്കിയാണ് അദ്ദേഹം സിപിഐക്കെതിരേ ആഞ്ഞടിച്ചത്.

സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആശീർവാദത്തോടെയാണ് എം എം മണി തങ്ങളുടെ എക്കാലത്തേയും അനിഷേധ്യ നേതാക്കളെ അപമാനിച്ചതെന്ന് സിപിഐ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ-കോൺഗ്രസ് കൂട്ടുകെട്ടിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. 'കോൺഗ്രസിന്റെ ഉമ്മാക്കി കാണിച്ച് ആരും വിരട്ടാൻ നോക്കേണ്ട, കോൺഗ്രസുമായി കൂട്ടുകൂടാത്തവർ ആരാ'-എന്നുചോദിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരിച്ചടിച്ചു.

അധികാരത്തിലെത്തിയശേഷം ഇരു പാർട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഓരോദിവസവും കൂടിക്കൂടി വരികയാണ്. അതിന്റെ തുടർച്ചയാണ് മണിയാശാന്റെ പ്രസംഗം. കെ എം മാണിയെ മുന്നണിയിലെടുക്കുമെന്ന പ്രചരണംകൂടി ശക്തമായതോടെ സിപിഐ കൂടുതൽ ഇടഞ്ഞുനിൽക്കുകയാണ്.