തൊടുപുഴ: വൺ ടു ത്രീ പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം എം മണിയ്‌ക്കെതിരെ പൊലിസെടുത്ത ഒരു കേസിൽ മണിയെ കോടതി കുറ്റവിമുക്തനാക്കി. 2012ൽ എം എം മണി നടത്തിയ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് മണി സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ച് തൊടുപുഴ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജോമോൻ ടി ജോൺ റദ്ദാക്കുകയായിരുന്നു.

പ്രസംഗത്തിലെ പരാമർശങ്ങൾ പരസ്യഭീഷണിയാണെന്നും മറ്റുമായിരുന്നു ആരോപണം. കേസ് പ്രഥമദൃഷ്ട്യനിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. പ്രസംഗവുമായി ബന്ധപ്പെട്ട് ഒന്നേറെ കേസുകൾ നിലവിലുണ്ട്. അതിൽ ഒരു കേസിലാണ് മണി കുറ്റവിമുക്തനാക്കുന്നത്. ഇനിയും ഈ പ്രസംഗത്തിൽ കേസുകളുണ്ട്.

തൊടുപുഴ മണക്കാട്ട് 2012 മെയ്‌ 20ന് ഒരു കോർണർ മീറ്റിംഗിൽ നടത്തിയ പ്രസംഗമാണ് കേസിനു കാരണമായത്. വൺ, ടു, ത്രീ.. രാഷ്ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി വകവരുത്തിയിട്ടുണ്ടെന്ന മണക്കാട് പ്രസംഗം വിവാദമായിരുന്നു. പ്രസംഗത്തിന്റെ പേരിൽ 45 ദിവസമാണ് എം എം മണിയെ യുഡിഎഫ് സർക്കാർ ജയിലിലടച്ചത്. കൂടാതെ ഒമ്പതുമാസം ഇടുക്കിയിൽ പ്രവേശിക്കരുതെന്ന് വിലക്കും ഏർപ്പെടുത്തി.

തൊടുപുഴയ്ക്കടുത്ത് മണക്കാട് 2012 മെയ് 25ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് മണിയ്‌ക്കെതിരെ യുഡിഎഫ് സർക്കാർ കേസെടുത്തത്. പല കേസുകൾ എടുത്തിരുന്നു. ഇതിൽ ഐഎൻടിയുസി നേതാവ് ബാലുവധക്കേസിൽ മണിയെ പ്രതിയാക്കിയ കേസുമുണ്ടായിരുന്നു. ഈ കേസിൽ ഒരു പ്രസംഗത്തിന്റെ പേരിൽ എങ്ങനെ കേസെടുക്കാനാകുമെന്നും ആരെയും കൊന്നുവെന്ന് മണി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നുമുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം വന്നിരുന്നു.

മണിയുടെ പ്രസംഗത്തിൽ സിപിഐ എം പ്രവർത്തകനായ അയ്യപ്പദാസിന്റെ കൊലപാതകത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. പ്രസംഗത്തിൽ പറഞ്ഞ ഉമ്മൻ ചാണ്ടിക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്ന ശ്രദ്ധേയമായ ഹൈക്കോടതി പരാമർശം പോലും ഉണ്ടായി. അതൊന്നും കണക്കിലെടുക്കാതെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സുപ്രീംകോടതി തള്ളി.