തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമക്കെതിരായ എം എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നുവെന്ന് സ്പീക്കറുടെ ചുമതല വഹിച്ച് ആ സമയത്ത് സഭയിലെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ. ഇന്നലെ മണിയുടെ വിവാദ പരാമർശത്തിന് പിന്നാലെ ചെയറിലിരുന്ന വിജയൻ സ്പീക്കറുടെ സെക്രട്ടറിയോട് പറയുന്നതിന്റെ സഭാ ടീവി വീഡിയോ പുറത്ത് വന്നു. മണിയുടെ പരാമർശത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കർ എംബി രാജേഷ് നിലപാടെടുക്കുമ്പോഴാണ് ചെയറിലിരുന്ന ഇകെ വിജയൻ മണിയെ തള്ളിപ്പറയുന്ന വീഡിയോ പുറത്ത് വന്നത്.

മണിയുടെ പരാമർശം 'ശരിക്കും പറയാൻ പാടില്ലാത്തതാണ്' എന്ന് ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയൻ സ്പീക്കറുടെ സെക്രട്ടറിയോട് രഹസ്യമായി പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സഭാ ടിവിയാണ് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു ഇ.കെ.വിജയൻ അഭിപ്രായം തേടിയത്. എന്നാൽ പ്രതിപക്ഷം നടപടി ആവശ്യപ്പെടുമ്പോൾ, പല പരിമിതികളും ഉണ്ടെന്നാണ് ഇ.കെ.വിജയൻ പറയുന്നത്.

 

മണിയുടെ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും, മണിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് സ്പീക്കറുടെ സെക്രട്ടറിയായ മനോഹരൻ നായർ ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയന് സഹായമായി എത്തിയത്. 'ഒരു മിനിട്ട്' എന്ന് പറഞ്ഞിട്ടാണ് മനോഹരൻ നായരെ ഇ.കെ.വിജയൻ തന്റെ അടുക്കലേക്ക് വിളിക്കുന്നത്.

തുടർന്നാണ് ഇത് പറയാൻ പാടില്ലാത്ത പരാമർശമാണ് എന്ന് വിജയൻ പറയുന്നത്. സ്പീക്കർ വരുമോ എന്നും അദ്ദേഹം ചോദി്ക്കുന്നുണ്ട്. ചെയർമാന്മാരുടെ പാനലിലുള്ള ആൾക്ക് അന്തിമ തീരുമാനം പറയുന്നതിൽ അനൗചിത്യമുണ്ട്. തുടർന്നാണ് സ്പീക്കർ വരുമോ എന്നും വിജയൻ, മനോഹരൻ നായരോട് ചോദിക്കുന്നത്. സ്പീക്കർ വരും, ഇവരോട് സീറ്റിലേക്ക് പോകാൻ പറ എന്നാണ് അദ്ദേഹം ഇതിന് മറുപടി പറയുന്നത്.അതിന് ശേഷമാണ് സ്പീക്കർ എം.ബി.രാജേഷ് സീറ്റിലേക്ക് വരുന്നത്.