മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയെന്ന് രമയുടെ വിമർശനം; രമയെന്ന മഹതി വിധവയായത് അവരുടെ വിധിയെന്ന് വ്യക്തിപരമായി അധിക്ഷേപിച്ച് എംഎം മണി; ടിപിയെ കൊന്നു തള്ളിയിട്ടും കലിയടങ്ങാത്ത എതിരാളികൾ! നിയമസഭയിൽ വടകര എംഎഎൽഎയ്ക്ക് എതിരെ നടന്നത് സമാനതകളില്ലാത്ത അധിക്ഷേപം; കാര്യം പറഞ്ഞ് പിണറായിയെ കടന്നാക്രമിച്ച രമയെ വിധവയാക്കി പരിഹസിക്കുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയെ അധിക്ഷേപിച്ച് സിപിഎം നേതാവ് എംഎം മണി. മുഖ്യമന്ത്രി പിണറായി വിജയനേയും അഭ്യന്തര മന്ത്രിയേയും അതിരൂക്ഷമായി വിമർശിച്ചതിന് മറുപടിയെന്നോണമായിരുന്നു എംഎം മണിയുടെ വ്യക്തിപരമായ അധിക്ഷേപം.
നിയമസഭയിലെ ചർച്ചയിൽ ആഭ്യന്തര വകുപ്പിനെ അതി നിശതമായാണ് രമ വിമർശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വ സന്നാഹവുമായി നടക്കുന്ന മുഖ്യമന്ത്രിയെ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയെന്നാണ് രമ പറഞ്ഞത്. ഇതോടെ നിയമസഭ കലുഷിതമായി. എംഎം മണിയുടെ പ്രസംഗം പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് അറിയിച്ചു. അൽപ്പസമയം സഭ സ്തംഭിപ്പിക്കുകയും ചെയ്തു.
രമ വിധവയായിപ്പോയെന്നും അത് അവരുടെ വിധിയെന്നും മണി നിയമസഭയിൽ തനത് ശൈലിയിൽ പറയുകയായിരുന്നു. സഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു വിവാദ പരാമർശം. ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല- മണി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രമ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു മണിയുടെ അധിക്ഷേപം.
പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതോടെ 'മിണ്ടാതിരിയെടാ ഉവ്വേ'യെന്നായിരുന്നു മണിയുടെ പ്രതികരണം. 'കൂവിയിരുത്തലൊന്നും എന്റെടുത്ത് പറ്റില്ല. അതുമായി ബന്ധപ്പെട്ട് (ടിപി ചന്ദ്രശേഖരൻ വധക്കേസ്) രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.' മണി പറഞ്ഞു.
കൂട്ടത്തിലുള്ള സഹോദരിയെ അധിക്ഷേപിച്ച എം.എം മണി മാപ്പ് പറയുന്നതുവരെ സഭ തുടരാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവച്ചു. പിന്നീട് വീണ്ടും സഭ തുടർന്നു. മണി ഖേദപ്രകടനവും നടത്തിയില്ല. ഈ സമയത്തും പ്രതിപക്ഷം ബഹളം തുടർന്നു. പിന്നീട് അവർ സഭ ബഹിഷ്കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ