തിരുവനന്തപുരം: ഇപി ജയരാജനെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് എംഎം മണിയും. അതുകൊണ്ടാണ് മണിയെ സി.പി.എം സെക്രട്ടറിയേറ്റിലേക്ക് ഉയർത്തിയും മന്ത്രിയാക്കിയതുമെല്ലാം. വൈദ്യുതി വകുപ്പ് തന്നെ നൽകുകയും ചെയ്തു. മണിയുടെ നാക്ക് പിഴ അറിഞ്ഞു കൊണ്ട് തന്നെയാണ് പിണറായി ഈ സാഹസത്തിന് മുതിർന്നതും. എന്നാൽ മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചു. കൈയേറ്റ മാഫിയയെ സഹായിക്കും വിധത്തിൽ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥിരമായി വിമർശിച്ചു. പാപ്പാത്തിചോലയിൽ സ്പിരിറ്റ് ഇൻ ജീസസിന്റെ ടോം സഖറിയെ കൈയേറ്റം നടത്തിയിട്ടില്ലെന്ന് പോലും ഏകപക്ഷീയമായി പറഞ്ഞു. പെമ്പിളൈ ഒരുമയുടെ സമരത്തെ കളിയാക്കിയത് എല്ലാത്തിനും മേലെയായിരുന്നു. ഇതോടെ മണിയെ മുഖ്യമന്ത്രിക്ക് പോലും കൈവിടേണ്ടി വന്നു.

നിയമസഭയിൽ വിഷയമെത്തിയപ്പോൾ മണിയുടെ നാട്ടുശൈലിയിലുള്ള പരമാർശമാണ് പ്രശ്‌നമെന്നും അതിനെ ഊതി വീർപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. എന്നാൽ അതിന് ശേഷം നടന്ന പാർട്ടി യോഗം മണിയെ വിമർശിക്കുന്നത് കേട്ടപ്പോൾ പിണറായിക്കും മറുപടി ഇല്ലാതായി. ഈ സാഹചര്യത്തിൽ മണിക്കെതിരെ നടപടി ഉറപ്പായി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിയും സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണിക്കെതിരെ നടപടിക്ക് ധാരണ. മണിയുടെ വിവാദപരാമർശങ്ങൾ സർക്കാരിനെ ബാധിക്കുന്നു എന്ന് യോഗം വിലയിരുത്തി. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ എന്തു നടപടിയെന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും. മണിയെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുമെന്നാണ് സൂചന. പാർട്ടി നടപടിയെടുത്താൽ പിന്നെ മന്ത്രിയായി തുടരാൻ മണിക്കാവില്ല. ഈ സാഹചര്യത്തിലാണ് പിണറായി മന്ത്രിസഭ അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുമ്പ് മൂന്നാമനും മന്ത്രിസ്ഥാനത്ത് നിന്ന് വിവാദങ്ങളെ തുടർന്ന രാജി വയ്ക്കുമെന്ന വിലയിരുത്തലെത്തുന്നത്.

സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് മണിക്ക് എതിരെ ഉണ്ടായത്. അച്ചടക്ക നടപടി വേണമെന്ന് യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥന് എതിരെയുണ്ടായ പരാമർശം ഉൾപ്പെടെ തെറ്റായ നടപടിയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അച്ചടക്ക നടപടി എന്താണെന്ന് വിശദീകരിക്കും. എസ്. രാമചന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സെൻകുമാറിന്റെ വിഷയം ഉൾപ്പെടെ സർക്കാരിനെ ബാധിച്ചിരിക്കുന്ന മറ്റു വിവാദങ്ങളും ചർച്ചയായി. വിവാദങ്ങളെല്ലാം പാർട്ടി ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടി അതിന്റെ നടപടിയിലേക്ക് പോകുമെന്നും സെക്രട്ടേറിയറ്റിനു ശേഷം എം.എം. മണി പ്രതികരിച്ചു.

നേരത്തെ മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പേരിലും മണിക്ക് എതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. സംസ്ഥാന സമിതിയിൽ നിന്ന് ആറു മാസക്കാലത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു അന്ന് ചെയ്തത്. പിന്നീട് സംസ്ഥാന സമിതിയിൽ തിരിച്ചെടുക്കുകയും സെക്രട്ടറിയേറ്റ് അംഗമായി ഉയർത്തുകയും ചെയ്തു. എന്നാൽ ഇത്തവണ കടുത്ത പ്രതിരോധത്തിലാണ് മണി. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്തണമോ എന്ന ചോദ്യവും സെക്രട്ടേറിയറ്റിൽ ഉയർന്നതായി അറിയുന്നു. ഇക്കാര്യത്തിലും സംസ്ഥാന കമ്മിറ്റിയുടെ കൂടി വികാരം പരിഗണിക്കും. മൂന്നാറിലെ 'പെമ്പിളൈ ഒരുമൈ'ക്കെതിരെ മണി നടത്തിയ പരാമർശം മാത്രമല്ല, ശൈലി മാറ്റാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും പാർട്ടി ഉപദേശിച്ചിട്ടും അതു പാലിക്കാത്തതും സെക്രട്ടേറിയറ്റ് കണക്കിലെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെയാണു സംസാരിച്ചത്. യോഗത്തിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. ദുർവ്യാഖ്യാനം ചെയ്തുവെന്ന വിശദീകരണം തന്നെയാണ് മണി യോഗത്തിൽ നൽകിയത്. മാധ്യമപ്രവർത്തകരെ അദ്ദേഹം നിശിതമായി കുറ്റപ്പെടുത്തി. പക്ഷേ, വിശദീകരണം ദുർബലമായിരുന്നു. ഇതിനൊന്നിനുമല്ല മണിയെ മന്ത്രിയാക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കഴിയില്ലെങ്കിൽ മന്ത്രിസഭയിൽ തുടരണം എന്നില്ലെന്ന വാദം കനത്തു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായതായി സൂചനയുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മണിയെ പുറത്താക്കണമെന്ന നിലപാടുകാരനാണ്.

പാർട്ടിതല നടപടിയിൽ ഒതുക്കുക എന്ന വാദത്തിനു മേൽക്കൈ ഉണ്ടായെങ്കിലും അതു കൂടുതൽ വിവാദമുണ്ടാക്കുമെന്ന അഭിപ്രാമുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മണിയെ പുറത്താക്കുമെന്ന് ഉറപ്പാണ്. ഒരു മന്ത്രികൂടി രാജിവച്ചാൽ സർക്കാരിന്റെ സ്ഥിരതയെത്തന്നെ ചോദ്യം ചെയ്യുന്നതാകുമെന്ന മറുവാദവും സജീവമാണ്.