ചെറുതോണി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടിപ്പു ഭരണത്തിനു പിന്തുണ നൽകുകയാണ് രാഷ്ട്രപതിയെന്ന ആരോപണവുമായി മന്ത്രി എം.എം. മണി ആരോപിച്ചു. എംപിമാരോടു ജോലി ചെയ്യാൻ നിർദ്ദേശിച്ച രാഷ്ട്രപതി, മോദി ചെയ്യുന്നതിലെ ശരികേടു ചൂണ്ടിക്കാട്ടാത്തത് ദൗർഭാഗ്യകരമാണെന്നും വൈദ്യുതി മന്ത്രി ചെറുതോണിയിൽ പറഞ്ഞു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയായിരുന്നു രാഷ്ട്രപതിക്കെതിരായ പരാമർശങ്ങൾ.

നോട്ട് പിൻവലിച്ചതിനെ ടാറ്റ, ബിർള, അംബാനി തുടങ്ങിയവരും കാശുള്ള നടന്മാരും മാത്രമാണു പിന്തുണയ്ക്കുന്നത്. സാധാരണ ജനങ്ങൾക്ക് അതിനാകില്ല. നോട്ട് പിൻവലിച്ചതിനെ പല്ലും നഖവുമുപയോഗിച്ചു ജനങ്ങൾ പ്രതിരോധിക്കണം. ദരിദ്ര നാരായണന്മാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി സമ്പന്നന്മാർക്ക് കൊടുക്കുന്ന നയമാണ് ഇത്. വെള്ളക്കാർ പണ്ട് കക്കൂസിൽ ഉപയോഗിക്കുന്ന കടലാസു പോലെയാണു ഇപ്പോഴത്തെ പുതിയ നോട്ടുകളെന്നും മന്ത്രി പറഞ്ഞു. പാർലമെന്റിൽ പ്രതിഷേധിക്കുന്ന എംപിമാരുടെ നിലപാടിനെ രാഷ്ട്രപതി ചോദ്യം ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

'ദൈവത്തെയോർത്ത് നിങ്ങളുടെ ജോലി ചെയ്യൂ. നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാനാണ്' - എംപിമാരെ ഉദ്ദേശിച്ച് രാഷ്ട്രപതി പറഞ്ഞു. ചർച്ച, സംവാദം, തീരുമാനം എന്നിവയാണ് പാർലമെന്റിൽനിന്ന് ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെയാണ് മണി വിമർശിക്കുന്നത്. നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിൽ പ്രതിപക്ഷ എംപിമാർ തുടർച്ചയായി പാർലമെന്റ് പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നതിനെയുള്ള ഈ പരാമർശങ്ങൾ കേന്ദ്ര സർക്കാർ പ്രതിപക്ഷത്തിനെതിരെ ചർച്ചയ്ക്ക് ആയുധമാക്കി.

ഡിഫൻസ് എസ്റ്റേറ്റ്‌സ് ഓർഗനൈസേഷന്റെ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു സഭാ നടപടികൾ പൂർണമായും സ്തംഭിപ്പിക്കുന്ന നീക്കങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ 14 ദിവസങ്ങളോളം നഷ്ടമായിരുന്നു.