- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയി; എന്ത് ചെയ്യാനാകും?; മൂന്ന് പ്രാവശ്യം എംഎൽഎയായി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി; ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാർട്ടി; മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകും'; എസ്.രാജേന്ദ്രനെ സിപി.എമ്മിൽ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി എം.എം.മണി
മറയൂർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ സിപി.എമ്മിൽ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി എം.എം.മണി. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാതെ രാജേന്ദ്രന് പാർട്ടിയിൽ തുടരാൻ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാമെന്നും എം.എം.മണി പറഞ്ഞു.
രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 3 തവണ എംഎൽഎയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകുമെന്നും മണി പറഞ്ഞു. മറയൂർ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമർശം. എസ്. രാജേന്ദ്രൻ അംഗമായിട്ടുള്ള ഏരിയാ കമ്മറ്റിയാണ് മറയൂർ. ഏരിയാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല.
എസ്. രാജേന്ദ്രൻ തോട്ടംതൊളിലാളിയുടെ മകനായി ജനിച്ചതാണെന്നും അത്യാവശ്യ വിദ്യാഭ്യാസമുണ്ടെന്നും എം.എം. മണി പറഞ്ഞു. 'രാഷ്ടീയ ബോധമുണ്ട്. പക്ഷേ രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും ? മൂന്ന് പ്രാവശ്യം എംഎൽഎയായി. 15 വർഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവൻ അയാൾക്ക് പെൻഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാർട്ടി? '- മണി ചോദിച്ചു.
എസ്. രാജേന്ദ്രന് എതിരായ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, എന്തെല്ലാം പ്രശ്നമുണ്ടെങ്കിലും സമ്മേളനങ്ങളിൽ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷൻ റിപ്പോർട്ട് അനുകൂലമായാൽ പോലും സമ്മേളനങ്ങിൽ വരാതിരിക്കുന്നതുകൊണ്ട് അയാൾക്ക് പാർട്ടിയിൽ തുടരാനാകില്ല. പുറത്താക്കും. അയാൾ വേറെ പാർട്ടി നോക്കണമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് പിന്നാലെ ദേവികുളം മണ്ഡലവുമായി ബന്ധപ്പെട്ട് പാർട്ടി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഡ്വ. എ.രാജ സിപിഎം സ്ഥാനാർത്ഥിയായി അവിടെ വിജയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര വോട്ടുകൾ പലയിടത്തും രാജയ്ക്ക് നേടാനായില്ലെന്ന വിമർശനം അപ്പോൾതന്നെ ഉയർന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്.രാജേന്ദ്രൻ പലയിടത്തും വോട്ടുമറിച്ചുവെന്ന ആക്ഷേപം ഉയരുകയും ഡിവൈഎഫ്ഐ അതിനെതിരെ രംഗത്തെത്തുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് രാജേന്ദ്രന് എതിരാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ സമ്മേളനത്തിന് മുൻപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
തക്കതായ കാര്യമുള്ളതിനാലാണ് പാർട്ടി രാജേന്ദ്രനെതിരേ അന്വേഷണ കമ്മീഷനെ വെച്ചതെന്നും ജാതിയുടെ ആളായി അദ്ദേഹത്തെ പാർട്ടി കണ്ടിട്ടില്ലെന്നും എംഎം മണി നേരത്തെ പ്രതികരിച്ചിരുന്നു. രാജേന്ദ്രന് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം മണിയുടെ പ്രതികരണം.
രാജേന്ദ്രൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വർഷം എംഎൽഎ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അല്ലാതെ ബ്രാഹ്മണനാണെന്ന് ഓർത്തല്ല ഇതൊന്നും ചെയ്തതെന്നും മണി പ്രതികരിച്ചു.
സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രൻ തന്നെ പരിശോധിക്കണം. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നത് ശരിയല്ല. പാർട്ടിക്കെതിരേയുള്ള രാജേന്ദ്രന്റെ പ്രതികരണം അദ്ദേഹം ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നതിനുള്ള തെളിവെന്നും മണി പറഞ്ഞിരുന്നു.
ജാതിയുടെ ആളായി തന്നെ പാർട്ടി ചിത്രീകരിച്ചുവെന്നും അതിനാൽ ജാതിയുടെ ആളായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് എംഎം മണിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ