റിയോ ഡി ജനീറോ: സമാനതകളില്ലാത്ത നേട്ടമാണ് ഒളിമ്പിക് വേദിയിൽ ബ്രിട്ടന്റെ താരമായ മോ ഫറാ നേടിയത്. പാതിവഴിയിൽ കാലിടറി വീണ ഈ താരം ഉയിർത്തെഴുന്നേറ്റു സ്വന്തമാക്കിയതു സുവർണപ്പതക്കമാണ്.

റിയോ ഒളിമ്പിക്സിൽ 10,000 മീറ്റർ ട്രാക്കിൽ സ്വണം നേടി മോ ഫറ പുതിയ ചരിത്രം സൃഷ്ടിച്ചത്. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് അത്ലറ്റ് ട്രാക്കിൽ മൂന്ന് സ്വർണം നേടുന്നത്.

ശക്തമായ വെല്ലുവിളി ഉയർത്തിയ കെനിയൻ എതിരാളിയെ അവസാന ലാപിൽ മറികടന്നാണ് മോ ഫറ 2012 ലണ്ടൻ ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചത്.

ഒന്നാംസ്ഥാനം നിലനിർത്തിയെങ്കിലും അത്ര എളുപ്പമായിരുന്നില്ല ഫറയ്ക്കു കാര്യങ്ങൾ. ചില നാടകീയ മുഹുർത്തങ്ങൾ ട്രാക്കിൽ അരങ്ങേറിയിരുന്നു. അമേരിക്കൻ എതിരാളിയുടെ കാലിൽ തട്ടി മോ ഫറ ട്രാക്കിലേക്ക് മറിഞ്ഞു വീണതു ശ്വാസമടക്കിപ്പിടിച്ചാണ് കാണികൾ കണ്ടത്. പക്ഷേ, വിട്ടുകൊടുക്കാതെ വാശിയോടെ വീണ്ടും ഓട്ടം തുടർന്നു.

'നിലത്ത് വീണപ്പോൾ ആദ്യം ഒന്ന് ഭയന്നു പോയിരുന്നു. ഇത്രയും വലിയൊരു അവസരം ഇനി കിട്ടുകയില്ല. എല്ലാം തകർന്നടിഞ്ഞെന്നാണ് കരുതിയത്. പക്ഷേ, എങ്ങനെയാണെന്നറിയില്ല, വിജയിക്കണം എന്നു വീണ്ടും വീണ്ടും മനസിലിരുന്നു ആരോ പറഞ്ഞു കൊണ്ടേയിരുന്നു'- മനസിലുള്ള സമ്മിശ്ര വികാരങ്ങളെ അടക്കിപിടിച്ചുകൊണ്ടു മോ ഫറ പറഞ്ഞു.

ഒളിമ്പിക് ട്രാക്കിൽ മൂന്ന് സ്വർണ മെഡൽ നേടുന്ന ആദ്യ ബ്രിട്ടീഷ് അത്ലറ്റാണ് ഫറ. 27 മിനിറ്റ് അഞ്ച് സെക്കന്റിലായിരുന്നു ഫിനിഷിങ്. കെനിയയുടെ പോൾ തനൂയി വെള്ളിയും എത്യോപ്യയുടെ താമിറാട്ട് ടോല വെങ്കലവും നേടി. ലണ്ടൻ ഒളിമ്പിക്സിൽ 10,000 മീറ്ററിലും 5000 മീറ്ററിലും ഫറ സ്വർണം നേടിയിരുന്നു.

5000 മീറ്റർ മത്സരത്തിലും സ്വർണ കുതിപ്പ് നടത്തുകയാണ് ഫറയുടെ അടുത്ത ലക്ഷ്യം. 5,000 മീറ്ററിലും സ്വർണം നേടിയാൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ ഇരട്ട സ്വർണ നേടുന്ന ആദ്യ ബ്രിട്ടീഷ് അത്ലറ്റെന്ന ഖ്യാതിയും ഫറക്ക് ലഭിക്കും. അഞ്ച് വർഷമായി ആഴ്‌ച്ചയിൽ 120 മൈൽ ഓടിയാണ് ഫറയുടെ പരിശീലനം. 

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ