2017ൽ വിലയുടെ കാര്യത്തിൽ മിഡ് റേഞ്ചിലുള്ളതും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമായ മികച്ച ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ വിവിധ കമ്പനികൾ നിതാന്ത്ര ശ്രദ്ധ പുലർത്തുന്നതായി കാണാം. സ്മാർട്ട് ഫോണിന് വേണ്ടി അധികം പണം ചെലവാക്കാൻ ഇന്ന് മിക്ക ഉപഭോക്താക്കളും ഇഷ്ടപ്പെടാത്തതാണ് ഇതിന് കാരണം. ഭൂരിഭാഗം പേരും ഇന്ന് സ്മാർട്ട് ഫോണിനായി 500 പൗണ്ടിന് താഴെ മാത്രമേ ചെലവാക്കാൻ ആഗ്രഹിക്കുന്നുള്ളൂ. ഈ ഒരു സാഹചര്യത്തിൽ ഇന്ന് വിപണിയിൽ ലഭ്യമായ താരതമ്യേന വില കുറഞ്ഞതും അതേ സമയം മികച്ചവയുമായ ഏതാനും സ്മാർട്ട് ഫോണുകളെ വിലയിരുത്തുകയാണ് വിച്ച്..? എന്ന കൺസ്യൂമർ ഓർഗനൈസേഷൻ. സാംസങ്,സോണി,ഹ്വാവെയ് ,നോക്കിയ തുടങ്ങിയ ബ്രാൻഡുകളിലുള്ള ഫോണുകളിൽ ഏറ്റവും മികച്ചവ ഏതാണെന്ന് വിച്ച് ഈ പഠനറിപ്പോർട്ടിലൂടെ വെളിപ്പെടുത്തുകയാണ്. ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുമെന്നുറപ്പാണ്.

ഹ്വാവെയ് ഹോണർ 9

380 പൗണ്ടാണ് ഹ്വാവെയ് ഹോണർ 9ന്റെ വില. കൊടുക്കുന്ന വിലയ്ക്കനുസൃതമായ മൂല്യമേകുന്ന ഫോണാണിത്. ഇതിൽ 64 ജിബി സ്‌റ്റോറേജുണ്ട്. വേഗം കൂടിയ പ്രൊസസർ , പുറകിൽ രണ്ട് ക്യാമറ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളിൽ ചിലതാണ്. ഇതിലൊന്നിന് 20 എംപി മോണോക്രോം ലെൻസാണുള്ളത്. മറ്റേതിലാകട്ടെ 12 എംപി കളർ വണ്ണാണുള്ളത്. ഇവ രണ്ടും ഒരുമിച്ച് നാം എടുക്കുന്ന ചിത്രങ്ങളിലെ നിറങ്ങളെയും വിശദാംശങ്ങളെയും കൂടുതൽ യഥാതദമായി ഒപ്പിയെടുക്കാൻ സഹായിക്കും.പ്രത്യേകിച്ചും കുറഞ്ഞ പ്രകാശത്തിൽ ചിത്രങ്ങൾ എടുക്കുമ്പോൾ ഇവ നന്നായി പ്രയോജനപ്പെടുന്നതാണ്. വീഡിയോഗ്രാഫിക്കും ഏറെ യോജിച്ച ഫോണാണിത്.

നോക്കിയ 3

കുറച്ച് കാലമായി നോക്കിയ എന്ന ബ്രാൻഡ് മൊബൈൽ ഫോൺ ലോകത്ത് നിശബ്ദമാണ്. എന്നാൽ ഈ അടുത്ത കാലത്ത് കമ്പനി വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലൂടെ തിരിച്ച് വരാൻ തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ പെട്ട ഒരു പുതിയ ഫോണാണ് നോക്കിയ 3. വെറും 129 പൗണ്ട് മാത്രമേ ഇതിന് വിലയായി നൽകേണ്ടതുള്ളൂ. ഇതിന് 8 എംപി റിയർ, ഫ്രന്റ് ക്യാമറകളാണുള്ളത്. എഫ്എം റേഡിയോ, പോലുള്ള സൗകര്യങ്ങളും നീണ്ട ബാറ്ററി ലൈഫും നല്ല പിക്ചർ ക്വാളിറ്റിയുള്ള ക്യാമറകളുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

സാംസങ് ഗ്യാലക്‌സി ജെ5 (2017)

വെറും 240 പൗണ്ടാണ് സാംസങ് ഗ്യാലക്‌സി ജെ5 (2017)ന്റെ വില. ഒട്ടേറെ ഫീച്ചറുകളുള്ള ഫോണാണിത്. ഫിംഗർപ്രിന്റ് സ്‌കാനറുള്ള ഫോണാണിത്. എൻഎഫ്‌സി സൗകര്യവും ഇതിലുണ്ട്. ഇത് കോൺടാക്ട്‌ലെസ് പേമെന്റുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. സാധാരണ വിലയേറിയ ഫോണുകളാണ് സാംസങ് കൂടുതലായി പുറത്തിറക്കാറുള്ളത്. എന്നാൽ കുറഞ്ഞ ചെലവിൽ സാംസങ് ഫോൺ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉതകുന്ന ഫോണാണ് സാംസങ് ഗ്യാലക്‌സി ജെ5 (2017).

സോണി എക്‌സ്പീരിയ എൽ 1

സാധാരണ സോണിയുടെ സ്മാർട്ട് ഫോണുകൾ വിലയേറിയവയാണ്. അത്തരം ഫോണുകൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സോണി എക്‌സ്പീരിയ എൽ 1. ഇതിന് 5.5 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. തങ്ങളുടെ ഇഷ്ടപ്പെട്ട ടിവി സീരീസുകൾ ഫോണിലൂടെ കാണാനാഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഫോണായിരിക്കും. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്.