കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് ഇനി പരാതിബോധിപ്പിക്കാൻ മെബൈൽ ആപ്പ് റെഡി. സർവകലാശാല സിൻഡികേറ്റിലെ വിദ്യാർത്ഥി പ്രതിനിധി പി.ജി മുഹമ്മദാണ് വിദ്യാർത്ഥികൾക്കായി മെബൈൽ ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയത്. StuVoc(Students Voice)  എന്നാണ് പുതിയ ആപ്ലിക്കേഷന് പേര് നൽകിയത്.
ആദ്യമായാണ് ഒരു സിൻഡിക്കേറ്റ് മെമ്പർ വിദ്യാർത്ഥികളുടെ പരാതി സ്വീകരിക്കാനായി ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയത്. വിദ്യാർത്ഥികൾക്ക് പരാതിബോധിപ്പിക്കാൻ കംബ്ലയ്ൻസ., യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിവരങ്ങൾ അറിയാൻ ന്യൂസ്, വിവിധ സേവനങ്ങൾക്ക് സർവിസ്. അപേക്ഷാഫോമുകൾക്ക് ഡൗൺലോഡ്‌സ്, സഹായങ്ങൾക്ക് ഹെൽപ്‌സ് തുടങ്ങിയ മെനുകൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധസേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ, അവയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ വിവരങ്ങൾ, തുടങ്ങിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ അപ്പ്‌ലോഡ് ചെയ്യുന്ന പരാതികളും അപേക്ഷകളും ആവശ്യാനുസരണം രജിസ്ട്രാർ, പരീക്ഷാകൺട്രോളർ, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡീൻ എന്നിവർക്ക് ഫോർവേഡ് ചെയ്യും. പരാതികൾക്കുള്ള മറുപടിയും തുടർന്ന് ബന്ധപ്പെടാനുള്ള വിവരങ്ങളും ഇ-മെയിൽ മുഖേന അറിയിക്കും. കോഴിക്കോട് യു.എൽ സൈബർ പാർക്കിലെ സ്റ്റാർട്ട് അപ്പ് മിഷനിലെ കമ്പനിയായ സോഫ്റ്റ് ഫ്രൂട്ട് സോല്യൂഷനാണ് ആപ്പ് വികസിപ്പിച്ചത്. അപ്പ് ഗൂഗിൾ പ്ലേസ്‌റ്റോറിൽ ലഭ്യമാണ്.

സർവകലാശാലാ ചരിത്രത്തിൽ ശ്രദ്ധേയമായ നിരവധി വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും നേതൃത്വ്വം നൽകിയ പി.ജി മുഹമ്മദിന്റെ ഈ ആപ്പിന് വൻ സ്വീകാര്യതയാണ് വിദ്യാർത്ഥികൾക്ക് ഇടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിദ്യാർത്ഥികൾക്കായി ആപ്പ് സമർപ്പിച്ചു. ചടങ്ങിൽ എം.ജി സിൻഡിക്കറ്റ് അംഗം പി.കെ ഫിറോസ്, കേരളാ യൂത്ത് കമ്മിഷൻ അംഗം ടി.പി അഷ്‌റഫലി, സോഫ്റ്റ് ഫ്രൂട്ട് സോല്യൂഷൻ സിഇഒ നിഷാദ് കെ സലീം, കാലിക്കറ്റ് സർവകലാശാല യൂണിയൻ സെക്രട്ടറി കെ.എം ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.