തിരുവനന്തപുരം: ക്രിസ്തുവേ നമഹ ആപ്ലിക്കേഷൻ വൈറലാകുന്നു. പേരുകേട്ട് മതപരിവർത്തനം വല്ലതുമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ടെക്‌നോ പാർക്കിലെ അലോകിൻ എന്ന സോഫ്‌റ്റ്‌വെയർ കമ്പനി വികസിപ്പിച്ചെടുത്ത അപ്ലിക്കേഷനിട്ട പേരാണിത്. ഹൈന്ദവ വിശ്വാസികളുടെ വിഷ്ണു സഹസ്ര നാമത്തിന് സമാനമായ വിധത്തിലാണ് ഈ അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഈ ആപ്ലിക്കേഷനിലൂടെ ആമേൻ, ക്രിസ്തുവേ നമഹ എന്നീ ഗാനങ്ങൾ തംബുരു ശ്രുതിയുടെ അകമ്പടിയോടെ കേൾക്കാനാകും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഇത് ഡൗൺലോഡ് ചെയ്യാം. യേശു സഹസ്രനാമം, യേശു നാമാവലി എന്നീ ആപ്ലിക്കേഷനുകളാണ് അലോകിൻ വികസിപ്പിച്ചെടുത്തത്. ആപ്പിളിന്റെ ആപ് സ്റ്റോറിൽ യേശു സഹസ്രനാമം നേരത്തേ ലഭ്യമായിരുന്നു. ഈ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് പതിപ്പ് വന്നതോടെ ജനങ്ങളിലേക്ക് ഇത് എത്തുമെന്ന് അലോകിൻ സോഫ്റ്റ്‌വെയറിന്റെ സിഇഒ രാജീവ് സെബാസ്റ്റ്യൻ പറഞ്ഞു.

സംസ്‌കൃത പണ്ഡിതനും മൂവാറ്റുപുഴ നിർമല കോളേജിലെ സംസ്‌കൃത പ്രൊഫസറുമായ കെ.യു. ചാക്കോയാണ് സഹസ്രനാമവും നാമാവലിയും രചിച്ചത്. 1987 ലാണ് യേശു സഹസ്രനാമം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.