ദോഹ: പല്ലുമായി ബന്ധപ്പെട്ടുള്ള രോഗങ്ങൾ ചികിത്സിക്കുന്നതിന് സഞ്ചരിക്കുന്ന മൊബൈൽ ദന്തൽ ക്ലിനിക്കുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്.12. 95 ലക്ഷം റിയാൽ ചെലവിൽ ആണ് മൊബൈൽ ഡന്റൽ ക്ലിനിക് വാങ്ങുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ സർവീസസ് വകുപ്പിനു വേണ്ടിയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈൽ ക്ലിനിക് വാങ്ങുന്നത്. യൂറോപ്യൻ നിലവാരത്തിലാണു ക്ലിനിക് സജ്ജീകരിച്ചിട്ടുള്ളതെന്നും എല്ലാ വിധ മെഡിക്കൽ ഉപകരണങ്ങളും ഇതിലുണ്ടാകുമെന്നും മെഡിക്കൽ സർവീസ് ഡന്റൽ വകുപ്പ് മേധാവി ഡോ. ഷെയ്ഖ ജാസിം അബ്ദുൽ ജാബർ പറഞ്ഞു.

ടീത്ത് ചെയർ, എക്സ് റേ ഡയഗ്‌നോസ്റ്റിക് സംവിധാനം, ഹെൽത്ത് ഡേറ്റ സംവിധാനം തുടങ്ങിയവ ക്ലിനിക്കിലുണ്ട്. മെർസിഡസ് ബെൻസ് കമ്പനിയുടെ വിതരണക്കാരായ നാസർ ബിൻ ഖാലിദ് ആൻഡ് സൺസുമായാണു കരാർ. ലഫ്. കേണൽ ഖാമിസ് സയിഫ് അൽ മൻസൂരിയും നാസർ ബിൻ ഖാലിദ് കമ്പനിയിലെ അനസ് മിഷാലും കരാറിൽ ഒപ്പുവച്ചു.