ന്യൂഡൽഹി: നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയിലേക്ക് മൊബൈൽ ഫോൺ കണക്ഷൻ മാറ്റാനുള്ള സംവിധാനം ഇന്ത്യയിൽ നടപ്പാക്കിയിട്ട് ഏറെ നാളായി. എന്നാൽ, മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ ഈ നമ്പർ മാറ്റേണ്ടി വരുന്ന അവസ്ഥ ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നു. ഇനി ഈ പ്രതിസന്ധി ഉപയോക്താക്കൾക്ക് ഉണ്ടാകില്ല.

സംസ്ഥനം മാറിയാലും ഇനി മൊബൈൽ നമ്പർ മാറേണ്ടി വരില്ല. മെയ് മൂന്ന് മുതൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) സംവിധാനം രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ഒരു ടെലികോം സർക്കിളിന് പുറത്തേക്ക് പോർട്ടബിളിറ്റി ട്രായ് ഇതുവരെ അനുവദിച്ചിരുന്നില്ല. ഈ നിബന്ധനകൾ ട്രായ് നീക്കിയതോടെയാണ് ടെലികോം സർക്കിളിന് പുറത്തേക്കും പോർട്ടബിളിറ്റി സാധ്യമാകുന്ന അവസ്ഥ വന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കാനും ജോലിക്കും മറ്റും പോകുന്ന യുവതി യുവാക്കൾക്ക് പുതിയ സംവിധാനം ആശ്വാസമാകും. സേവനദാതാക്കൾക്കാണെങ്കിൽ അവരുടെ എക്‌സിസ്റ്റിങ് കസ്റ്റമറെ നിലനിർത്താൻ സാധിക്കും.

കഴിഞ്ഞ വർഷം നവംബറിൽ ആറ് മാസത്തിനുള്ളിൽ പോർട്ടബിളിറ്റി സംവിധാനം നടപ്പിലാക്കുമെന്ന് ട്രായ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരുന്നു. റോമിങ് സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ 940 മില്യൺ ആളുകളിൽ 15 മുതൽ 20 ശതമാനം വരെ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

കണക്കുകൾ പ്രകാരം ഡിസംബർ 2014ൽ 34 ലക്ഷം പേരാണ് നമ്പർ പോർട്ടബിലിറ്റിക്കായി അപേക്ഷിച്ചത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നത് കർണാടകത്തിൽനിന്നാണ്. 16.26 മില്യൺ ആളുകളാണ് ഇവിടെനിന്നും അപേക്ഷിച്ചത്.