ന്യൂഡൽഹി: മൊബൈൽ നമ്പർ മാറാതെ തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറുന്ന പദ്ധതി നിലവിൽ വന്നത് മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം പകർന്ന ഒന്നായിരുന്നു. എന്നാൽ അതിനെടുക്കുന്ന കാലാവധിയായിരുന്നു ഏവരേയും ബുദ്ധിമുട്ടിച്ചിരുന്ന ഒന്ന്. കമ്പനി മാറൽ പ്രക്രിയ കൂടുതൽ ഏളുപ്പമാക്കാനുള്ള നടപടിയുമായാണ് ട്രായ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി യുണീക് പോർട്ടിങ് കോഡ് നിർമ്മിക്കൽ പ്രക്രിയയിൽ പുതിയ മാറ്റങ്ങളുമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇതോടെ മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ ഇനി വെറും രണ്ട് ദിവസം മാത്രം മതിയാവും.

മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് ഇപ്പോൾ ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പർ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോൾ ഒരു യുണീക്ക് പോർട്ടിങ് കോഡ് നിർമ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഏത് നെറ്റ് വർക്കിലേക്കാണോ മാറാൻ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നൽകണം.

അപ്പോൾ പുതിയ ഓപ്പറേറ്റർ പഴയ ഓപ്പറേറ്ററിൽ നിന്നും നമ്പർ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎൻപി സേവനദാതാവിനെ (പഴയ ഓപ്പറേറ്ററുമായും പുതിയ ഓപ്പറേറ്ററുമായും നിങ്ങളെ ബന്ധിപ്പിക്കുന്നത് എംഎൻപി സർവീസ് പ്രൊവൈഡറാണ്- എം.എൻ.പി.എസ്‌പി.) അറിയിക്കുന്നു. പഴയ ഓപ്പറേറ്റർ പ്രസ്തുത നമ്പറിലേക്കുള്ള സേവനങ്ങൾ അവസാനിപ്പിച്ചാൽ ആ വിവരം എംഎൻപി സേവന ദാതാവിനെ അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാതാവിന് ആ നമ്പറിൽ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങൾ നൽകിത്തുടങ്ങാനും സാധിക്കും. ഈ നടപടികൾക്ക് ശേഷമേ നിങ്ങൾക്ക് ലഭിച്ച പുതിയ സിംകാർഡ് ആക്റ്റിവേറ്റ് ആവുകയുള്ളൂ.

എന്നാൽ ഇനി മുതൽ, പഴയ ഓപ്പറേറ്ററിൽ നിന്നും പോർട്ട് ചെയ്യേണ്ട മൊബൈൽ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎൻപിഎസ്‌പിയുടേതാവും. പുതിയ ഓപ്പറേറ്റർ ആവശ്യപ്പെടുമ്പോൾ എംഎൻപിഎസ്‌പി ഈ വിവരങ്ങൾ അവർക്ക് കൈമാറുകയും ചെയ്യുന്നു.

ഇതുവഴി ഒരു നെറ്റ്‌വർക്ക് സർക്കിളിനുള്ളിലുള്ള സേവനദാതാക്കൾ തമ്മിൽ മൊബൈൽ നമ്പറുകൾ കൈമാറുന്നതിനുള്ള കാലതാമസം ഇല്ലാതാവുന്നു.അതേസമയം, ജമ്മു-കശ്മീർ, അസം, നോർത്ത് ഈസ്റ്റ് എന്നിവ ഒഴികെ രാജ്യത്തെ എല്ലാ സർക്കിളുകളിലും യുണീക് പോർട്ടിങ് കോഡിന്റെ കാലാവധി 15 ദിവസത്തിൽ നിന്നും നാല് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്.

കോർപ്പറേറ്റ് കണക്ഷനുകൾ പോർട്ട് ചെയ്യുന്നതിനും സ്വന്തം സർക്കിളിന് പുറത്തേക്ക് നമ്പർ പോർട്ട് ചെയ്യുന്നതിനുമുള്ള നടപടികൾ നാല് ദിവസത്തിനുള്ളിൽ പൂർത്തിയാവും. ഇത് കൂടാതെ ഒറ്റ അനുമതി പത്രികയിൽ പോർട്ട് ചെയ്യാവുന്ന നമ്പറുകളുടെ എണ്ണം 50ൽ നിന്നും 100 ആക്കി വർധിപ്പിച്ചിട്ടുണ്ട്.