ലണ്ടൻ: വിമാനത്തിനുള്ളിലെ യാത്രക്കാരോട് അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനോ അല്ലെങ്കിൽ ഫ്‌ലൈറ്റ് മോദിലിടാനോ ആവർത്തിച്ച് ആവശ്യപ്പെടാറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? എന്തുകൊണ്ടാണ് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നതെന്നും ആലോചിച്ചിട്ടുണ്ടോ...?.ഫോൺ സിഗ്‌നലുകൾ കോക്ക്പിറ്റിലെ പ്രധാനപ്പെട്ട ഇലക്ട്രിക്കൽ അല്ലെങ്കിൽ ടെലി കമ്മ്യൂണിക്കേഷൻസ് സിസ്റ്റത്തെ തടസപ്പെടുത്തുകയും അതു വഴി വിമാനം തകരാൻ ഇടയാക്കുകയും ചെയ്യുമെന്ന ഒരു വിശ്വാസം പരക്കെ നിലനിൽക്കുന്നുണ്ട്.

മൊബൈൽ ഫോണുകൾ, ടാബ്ലറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിൽ വിമാനത്തിന് അത് അപകടം വരുത്തുമെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ വിമാനത്തിന്റെ പ്രവർത്തനം താറുമാറാക്കുകയും തകർന്ന് വീഴലിന് വഴിയൊരുക്കുമെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. ആധുനിക സാങ്കേതിക വിദ്യകൾ വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിൽ അത് പൈലറ്റും എയർട്രാഫിക് കൺട്രോളർമാരും തമ്മിലുള്ള ആശയവിനിമയത്തിനിടെ അലോസരമുണ്ടാക്കുമെന്നത് മാത്രമാണ് പ്രശ്‌നമെന്നും വിദഗ്ദ്ധർ പറയുന്നു.മൊബൈൽ സിഗ്‌നലുകൾ വിമാനത്തിനുള്ളിലെത്തുന്ന റേഡിയോ സിഗ്‌നലുകൾ കേൾക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് എയർലൈൻ അപ്‌ഡേറ്റ്‌സ് എന്ന ബ്ലോഗിൽ ഒരു പൈലറ്റ് എഴുതിയിരിക്കുന്നത്. ഒരു സ്പീക്കറിനടുത്ത് ഒരു മൊബൈൽ വച്ചാലുണ്ടാകുന്ന അലോസരത്തിന് സമാനമാണിതെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്നാൽ ഇതിന് എപ്പോഴും സാധ്യതയില്ലെന്നും പൈലറ്റ് പറയുന്നു. ഇത്തരത്തിൽ മൊബൈൽ സിഗ്‌നലുകളുടെ തുടർച്ചയായ ഇടപെടൽ മൂലം എയർ ട്രാഫിക്ക് കൺട്രോളിൽ നിന്നുള്ള നിർണായകമായ സന്ദേശം പോലും പൈലറ്റുമാർക്ക് കേൾക്കാൻ കഴിയാത്ത അവസരങ്ങളുണ്ടായേക്കാമെന്നും അത് കടുത്ത ദുരന്തങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്നും പൈലറ്റ് വ്യക്തമാക്കുന്നു.ഇത്തരത്തിലുള്ള തടസങ്ങൾ അടുത്ത കാലത്ത് ഒരു യാത്രക്കാരൻ ടെക്സ്റ്റുകൾ അയക്കുന്നതിനെ തുടർന്നുണ്ടായിരുന്നുവെന്നും എന്നാൽ അയാളോട് ഫോൺ ഫ്‌ലൈറ്റ് മോദിലിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആ അലോസരം ഇല്ലാതായെന്നും പൈലറ്റ് പറയുന്നു.

മിക്ക കമേഴ്‌സ്യൽ വിമാനങ്ങളും തങ്ങളുടെ യാത്രക്കാരെ വിമാനയാത്രാ വേളയിൽ ഫോൺ വിളിക്കാനോ ടെക്സ്റ്റ് മെസേജുകൾ അയക്കാനോ അനുവദിക്കാറില്ല. വിമാനത്തിന്റെ സുരക്ഷ അല്ലെങ്കിൽ മറ്റ് യാത്രക്കാരുട സൗകര്യം എന്നിവ മാനിച്ചാണ് ഈ നടപടിയെടുക്കുന്നത്. എന്നാൽ യാത്രക്കാരെ സ്മാർട്ട്‌ഫോണുകൾ, ടാബ്ലറ്റുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ യാത്രക്കിടെ ഉപയോഗിക്കാൻ അനുവദിക്കുന്ന വിമാനങ്ങളുമുണ്ട്.

എന്നാൽ ഇതിന് മുമ്പ് ഒരു പ്രീഫ്‌ലൈറ്റ് സേഫ്റ്റി ഡെമോൻസ്‌ട്രേഷൻ ഇവർക്കായി പ്രദർശിപ്പിച്ചിരിക്കും.വിവിധ വിമാനക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിയമങ്ങൾക്ക് വ്യത്യാസമുണ്ട്. ചില ഇന്റർനാഷണൽ എയർലൈനുകളുടെ ചില വിമാനങ്ങളിൽ വോയിസ് കാളുകളും ടെക്സ്റ്റുകളും വിമാനത്തിനുള്ളിൽ അനുവദിക്കുന്നുണ്ടെന്നാണ് യുകെ സിവിൽ ഏവിയേഷൻ അഥോറിറ്റി വെളിപ്പെടുത്തുന്നത്. എന്നാൽ യുഎസിൽ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ വിമാനത്തിനുള്ളിലെ ഫോൺവിളികളും മൊബൈൽ ഫോൺ ഉപയോഗവും 1991 മുതൽ നിരോധിച്ചിട്ടുണ്ട്.

എന്നാൽ പ്രൈവറ്റ് ജെറ്റുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ക്രൂ അനുവദിക്കാറുണ്ട്.ഇന്നത്തെ ചില വിമാനങ്ങളിൽ പൈകോസെൽ പോലുള്ള ആശയവിനിമയ സംവിധാനങ്ങളുണ്ട്. അവ യാത്രക്കാർക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു ചെറിയ ടെലികമ്മ്യൂണിക്കേഷൻസ് ബേസ് സ്‌റ്റേഷനുപയോഗിച്ചാണിത് പ്രവർത്തിക്കുന്നത്. പൈകോസെൽ ചുരുങ്ങിയ ചെലവിലുള്ളതാണ്. ഇത് ഒരു ചെറിയ ടെലിഫോൺ ടവറിന് സമാനമായാണ് പ്രവർത്തിക്കുന്നത്. വിമാനത്തിനുള്ളിൽ മൊബൈൽ ഫോണുകളിൽ നിന്നും സിഗ്‌നലുകൾ ഇത് പിടിച്ചെടുക്കുകയും അത് സാറ്റലൈറ്റുകളിലേക്കോ അല്ലെങ്കിൽ ലാൻഡ് ബേസ്ഡ് സിസ്റ്റത്തിലേക്കോ റിലേ ചെയ്യുകയുമാണ് ചെയ്യുന്നത്.പൈകോസെല്ലിനും ശേഷിക്കുന്ന ടെലിഫോൺ നെറ്റ് വർക്കിനുമിടയിലുള്ള ആശയവിനിമയം വ്യത്യസ്തമായ ഫ്രീക്വൻസിലാണ് നടക്കുന്നത്. ഇത്തരം സിഗ്‌നലുകൾ വിമാനത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നില്ലെന്നതാണ് ഇതിന്റെ മേന്മ.