ദോഹ: രാജ്യത്ത് ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം വരുന്നു. സ്മാർട്ട് ഫോണുകളുടെ ഉപയോഗം നിരത്തുകളിലെ അപകടങ്ങൾ വർധിക്കുവാൻ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിനായി ടെക്സ്റ്റ്ലെയ്സർ എന്ന ഉപകരണമാണ് വികസിപ്പിച്ചിരിക്കുന്നത്.

ഡ്രൈവിംഗിനിടെ പലരും വൻ തോതിൽ മൊബൈൽഫോണുകൾ ഉപയോഗിക്കുന്നു. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ടെക്സ്റ്റ്ലെയ്സർ എന്ന ഉപകരണം വികസിപ്പിച്ചത്. ഡ്രൈവിംഗിനിടെ ഉണ്ടാകുന്ന അപകടത്തിന് കാരണം മൊബൈൽ ഫോണാണോയെന്ന് അറിയാനുള്ള ഉപകരണമാണിത്. ആരുടേയും സ്വകാര്യതയെ ഹനിക്കാത്ത രീതിയിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഈ രീതിയിലാകും വിവരങ്ങൾ ശേഖരിക്കുക.

മുൻപ് ആളുകൾ വോയിസ് കോളുകൾക്ക് വേണ്ടി മാത്രമാണ് ഫോണുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത് ചാറ്റിംഗിനും വീഡിയോ കോളുകൾക്കും വീഡിയോ കാണുന്നതിനുമായി മാറിയിരിക്കുന്നു. വാഹനം ഓടിക്കുമ്പോൾ ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടേയും ജീവന് ഭീഷണിയാണ്. ഇതിനെതിരെ വിവിധ ബോധവൽക്കരണ പരിപാടികൾ നടത്തിയെങ്കിലും ഒന്നും പ്രയോജനം കണ്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉപകരണം പുറത്തിറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.