മൊബൈൽ ഫോണിൽനിന്നുള്ള റേഡിയേഷൻ അർബുദത്തിന് കാരണമാകുമോ എന്ന ആശങ്ക, ഫോൺ പ്രചാരത്തിലായ കാലം മുതൽക്കെയുണ്ട്. സ്ഥിരീകരിക്കപ്പെടാത്ത പല റിപ്പോർട്ടുകളും ഇതിനിടെ വരികയും ചെയ്തു. എന്നാൽ, മൊബൈൽ ഫോണിൽനിന്നുള്ള തരംഗങ്ങൾ അപകടകാരിയാണെന്ന് ഒടുവിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് മൊബൈൽ ഫോണിന് അർബുദവുമായി ബന്ധമുണ്ടെന്ന കണ്ടെത്തൽ. ഫോണുകളിൽനിന്നുള്ള റേഡിയോ തരംഗങ്ങൾ തലച്ചോറിലും ഹൃദയത്തിലും ട്യൂമറിന് കാരണമായേക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ, ഈ കണ്ടെത്തലിനെ നിരാകരിച്ചുകൊണ്ട് ബ്രിട്ടനിലെ ഒരുപറ്റം ശാസ്ത്രജ്ഞർ രംഗത്ത് എത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ മനുഷ്യരിൽ ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്നാണ് ഇവരുടെ വാദം. മറിച്ചൊരു സാധ്യത വെളിപ്പെടുത്താൻ അമേരിക്കൻ പഠനത്തിന് കഴിഞ്ഞിട്ടില്ലെന്നും ഇവർ പറയുന്നു.

ശാസ്ത്രലോകം ഇങ്ങനെ രണ്ടുതട്ടിലാണെങ്കിലും മൊബൈൽ ഫോണുകളുടെ റേഡിയേഷൻ അപകടകരമാണെന്ന പഴയ വിശ്വാസം ഉറപ്പിക്കുന്നതാണ് പഠന റിപ്പോർട്ടുകൾ. അമേരിക്കയിലെ നാഷണൽ ടോക്‌സിക്കോളജി പ്രോഗ്രാമാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.

ആഗോളതലത്തിൽ മൊബൈൽ ഫോൺ ഉപയോഗം കൂടിയതിനൊപ്പം അർബുദ സാന്നിധ്യവും വർധിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഫോണുകളിൽനിന്നുള്ള റോഡിയോ ഫ്രീക്വൻസി റേഡിയേഷനിലൂടെ തലച്ചോറിലും ഹൃദയത്തിലും ട്യൂമറുണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുനു.

മൊബൈൽ ഫോണുകളിൽനിന്നുള്ള റേഡിയോ തരംഗങ്ങൾ രണ്ടുവർഷത്തോളം ദിവസം ഒമ്പതുമണിക്കൂറോളം എലികളിൽ കടത്തിവിട്ടാണ് ഈ പരീക്ഷണം നടത്തിയത്. 2500 എലികളെയാണ് ഇതിനായി ഉപയോഗിച്ചത്. 1.7 കോടി പൗണ്ടാണ് അമേരിക്കൻ സർക്കാർ ഈ പഠനത്തിനായി ചെലവിട്ടത്.

റേഡിയേഷന് വിധേരായ എലികളിൽ ട്യൂമറിനുള്ള സാധ്യത വർധിച്ചതായി ഗവേഷകർ കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ യാതൊരു അപകടവുമില്ലെന്ന വ്യാപകമായ ധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തൽ എന്ന് പഠനത്തിന് തുടക്കത്തിൽ നേതൃത്വം നൽകിയ റോൺ മെൽനിക്ക് പറഞ്ഞു. എന്നാൽ, ഈ കണ്ടെത്തലുകൾക്ക് മനുഷ്യരുമായി ബന്ധപ്പെടുത്താൻ മാത്രം ശക്തിയില്ലെന്നാണ് വിമർശകർ ഉന്നയിക്കുന്ന മറുവാദം.