- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളും ആരവവും ഫോട്ടോയുമില്ല; പിരിവിനും വിലക്ക്;സഹായം എത്തിക്കുന്നതാവട്ടെ രഹസ്യമായി മതാപിതാക്കളുടെ കൈകളിലും; കോട്ടപ്പടി പള്ളിയുടെ ഗ്രോ വിത്ത് സെൽഫ് കോൺഫിഡൻസ് പദ്ധതിക്ക് പരക്കെ കയ്യടി
കോതമംഗലം: ഗ്രോ വിത്ത് സെൽഫ് കോൺഫിഡൻസ് എന്ന പേരിൽ ആവിഷ്കരിച്ചിട്ടുള്ള കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയുടെ ഓൺലൈൻ പഠന സഹായ പദ്ധതികൾ ശ്രദ്ധേയമാകുന്നു. പഠനത്തിന് മൊബൈൽ ഇല്ലാതെ വിഷമിച്ചിരുന്ന കുട്ടികൾക്ക് കൈ താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആളും ആരവവും ഫോട്ടോയും ഇല്ലാതെ മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകി ,വേറിട്ട പ്രവർത്തനമാണ് കോട്ടപ്പടി പള്ളി നടത്തി വരുന്നത്. പഠനാവശ്യത്തിനായി മൊബൈൽ ആവശ്യമുള്ളവർ പള്ളിയിൽ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കന്മാർ വികാരി ഫാ. റോബിൻ പടിഞ്ഞാറേകുറ്റിനെ വിവരം അറിയിച്ചു.
ഒരാഴ്ചക്കക്കം ആവശ്യപ്പെട്ട മുഴുവൻ കുട്ടികൾക്കും പുതിയ മൊബൈൽ ഫോൺ ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ എത്തിച്ചു നൽകി.ഫോൺ കൈമാറുന്നതിന്റെ ഫോട്ടോ എടുക്കുകയോ പേര് പ്രസിദ്ധീകരിക്കുകയോ ചെയ്യില്ല എന്ന് നിർബന്ധമുണ്ടായിരുന്നു. കുട്ടികൾ പോലും കാണാതെ മാതാപിതാക്കന്മാരുടെ കയ്യിൽ രഹസ്യമായി ഫോൺ എത്തിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
കുഞ്ഞുങ്ങളുടെ ആത്മാഭിമാനത്തെ ഒരുതരത്തിലും നിഷേധാത്മകമായി ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ഒരു തീരുമാനം എന്ന് ഫാ.റോബിൻ പടിഞ്ഞാറേകുറ്റ് പറഞ്ഞു. ഫോണുകൾ വാങ്ങാൻ ഉള്ള മുഴുവൻ തുകയും ഇടവകാംഗങ്ങൾ സംഭാവനയായി നൽകിയതാണ്. ഒരാളോട് പോലും വ്യക്തിപരമായി ചോദിക്കേണ്ടി വന്നില്ല. ആവശ്യം മനസ്സിലാക്കി ആളുകൾ പണം എത്തിച്ചു നല്കുകയായിരുന്നു.
ഓൺലൈൻ പഠനത്തിനായി ഫ്രീ വൈഫൈ സൗകര്യം ക്രമീകരിച്ചിരിക്കുന്നതാണ് മറ്റൊരു പ്രൊജക്റ്റ്. ഇന്റർനെറ്റ് ലഭ്യമല്ലാത്ത കുട്ടികൾക്കും റീചാർജ്ജിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളകുട്ടികൾക്കുമായി എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ പള്ളിയോടനുബന്ധിച്ച് ഫ്രീ ഇന്റർനെറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വന്തം ഡിവൈസുകളുമായി കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാം. സാമൂഹിക അകലം പാലിച്ച് സുരക്ഷിതമായ രീതിയിൽ ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾ പള്ളിയിൽ ആയിരിക്കുന്ന സമയത്ത് അദ്ധ്യാപകരുടെ മേൽനോട്ടം ഉണ്ടാകും. ചെറിയ ക്ലാസിലെ കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് മതബോധന വിഭാഗവും മീഡിയ മിസ്ട്രിയും ചേർന്നാണ് ഫ്രീ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോട്ടപ്പടി പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തികഞ്ഞ ആത്മാഭിമാനമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട തുടർ പദ്ധതികൾ ഉണ്ടാകുമെന്ന് പള്ളി അധികൃതർ അറിയിച്ചു.