റിയാദ്: ടെലികോം മേഖലയിൽ പൂർണ സ്വദേശിവത്ക്കരണം നടപ്പാക്കിയതിനു ശേഷം തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ 1207 മൊബൈൽ ഷോപ്പുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മൊബൈൽ ഫോൺ സെയിൽസ് ആൻഡ് മെയിന്റനൻസ് സെക്ടറിൽ 1345 പേർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ 1205 പേരുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറിയതായി മിനിസ്ട്രി വക്താവ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, മുനിസിപ്പിൽ ആൻഡ് റൂറൽ അഫേഴ്‌സ്, കൊമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ മന്ത്രാലയങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ലേബർ മിനിസ്ട്രി മൊബൈൽ ഷോപ്പുകളിൽ റെയ്ഡ് നടത്തിവരുന്നത്. മൊത്തം 11,608 മൊബൈൽ സെയിൽ ഔട്ട്‌ലെറ്റ് ആൻഡ് മെയിന്റനൻസ് ഷോപ്പുകളിൽ ഇതുവരെ റെയ്ഡ് നടത്തിക്കഴിഞ്ഞതായി വക്താവ് ചൂണ്ടിക്കാട്ടി.

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയതിന് ശേഷം സൗദിവത്കരണത്തിൽ വീഴ്ച വരുത്തിയ 1079 കടകളാണ് അടച്ചു പൂട്ടിയത്. കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്. 2257 സ്ഥാപനങ്ങളിലാണ് ഇവിടെ ഉദ്യോഗസ്ഥരത്തെിയത്. 88 കടകൾ ഇതുവരെയായി അടച്ചു പൂട്ടി. മക്കയിൽ 2312 പരിശോധനയിൽ സൗദികളെ നിയമിക്കാത്ത 286 കടകളാണ് അടപ്പിച്ചത്. റിയാദിൽ 1855 കടകളിൽ ഉദ്യോഗസ്ഥരത്തെി. 270 സ്ഥാപനങ്ങൾ അടപ്പിച്ചു. ഖസീമിൽ 1363 കടകളിൽ നടത്തിയ പരിശോധനയിൽ 102 എണ്ണം അടച്ചു പൂട്ടി.

മൊബൈൽ സെയിൽസ് ആൻഡ് മെയിന്റനൻസ് ഷോപ്പുകളിൽ പൂർണ സ്വദേശീവത്ക്കരണം സെപ്റ്റംബർ മൂന്നു മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. പുതിയ നിയമം നടപ്പാക്കുന്നതിന് സെപ്റ്റംബർ മൂന്നിന് മുമ്പ് ആറു മാസത്തെ കാലാവധിയും മൊബൈൽ ഷോപ്പുകൾക്ക് നൽകിയിരുന്നു.