ദോഹ: വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധയോടെയും സ്പീഡ് ലിമിറ്റ് കൂടാതിരിക്കാനും ശ്രദ്ധിക്കുക. നിയമലംഘകരെ പിടികൂടാൻ രാജ്യത്തെ വിവിധ റോഡുകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിച്ചതായി ഇന്റീരിയർ മിനിസ്ട്രി. പുതുതായി ഇന്നു മുതൽ അബു ഹാമർ, സാൽവ, ഉംഅൽ സ്‌നെയിം, അൽ ഷീഹാനിയെ റോഡുകൾ റഡാർ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.

ഇവിടങ്ങളിൽ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴകളാണ്. ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘകരെ കുടുക്കാൻ വിവിധ സ്ഥലങ്ങളിലാണ് മൊബൈൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിൽ ഉടനീളമുള്ള റോഡുകളിൽ അടുത്തകാലത്തായി മൊബൈൽ കാമറകൾ സ്ഥാപിച്ചുകഴിഞ്ഞതായി ഇന്റീരിയർ മിനിസ്ട്രി ട്വിറ്ററിൽ വെളിപ്പെടുത്തി. ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും വിവിധ സ്ഥലങ്ങളിൽ റഡാറുകളും മൊബൈൽ കാമറകളും സ്ഥാപിച്ചതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്തിക്കൊണ്ട് മിനിസ്ട്രി അതിന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്യാറുണ്ട്.