- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ഇത്രയും പ്രാകൃത സമൂഹമോ? മൊബൈൽ ടവറിന് സ്ഥലം കൊടുത്തതിന് ഒരു കുടുംബത്തിന് ഊരുവിലക്ക് പ്രഖ്യാപിച്ച് നാട്ടുകാർ; മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി ശരിവച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും
തിരുവനന്തപുരം: മൊബൈൽ ടവറിന് സ്ഥലം വാടകയ്ക്ക് നൽകിയതിന് ഒഞ്ചിയത്ത് ഒരു കുടുംബത്തെ ഊരുവിലക്കി നാട്ടുകാർ. കുടിവെള്ളം പോലും മുടക്കിയെന്നും പലചരക്ക് കടക്കാരനെയും പറമ്പിൽ ജോലിക്കെത്തുന്ന പണിക്കാരെയുമടക്കം വിലക്കുന്നതായി പരാതിപ്പെട്ട് കുടുംബം പഞ്ചായത്ത് അധികൃതർക്കും ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.
ഒഞ്ചിയം കക്കാട്ടുകുന്നിൽ സന്തോഷിന്റെ കുടുംബമാണ് നാട്ടുകാരിൽ നിന്നും വിവേചനമനുഭവിക്കുന്നത്. കഴിഞ്ഞവർഷമാണ് സന്തോഷ് തന്റെ അഞ്ചര സെന്റ് സ്ഥലം ജിയോ ടവർ നിർമ്മിക്കുന്നതിന് വാടകയ്ക്ക് നൽകിയത്. ജനവാസകേന്ദ്രത്തിൽ ടവർ നിർമ്മിക്കുന്നതിനെതിരെ ഒരുവിഭാഗം നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. അത് കൂസാക്കാതിരുന്നതിന് പുറകെയാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതികാരനടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ 25 വർഷമായി മൊബൈൽ ടവറിൽ പണിയെടുക്കുന്ന സന്തോഷിന് ടവറിനെ പറ്റി ഉയരുന്ന ഊഹാപോഹങ്ങളിൽ ആശങ്കയില്ല. ടവറിൽ നിന്നും ഉണ്ടാകുന്ന തരംഗങ്ങൾ മാരകരോഗങ്ങളുണ്ടാക്കുമെന്ന പ്രചരണങ്ങൾ അശാസ്ത്രീയമാണെന്ന ബോധ്യം സന്തോഷിനുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നെറ്റ് വർക്ക് പ്രശ്നങ്ങളെ തുടർന്ന് വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടുന്ന ഈ പ്രദേശത്ത് ടവറിന് സ്ഥലം വിട്ടുനൽകാൻ സന്തോഷ് തീരുമാനിക്കുന്നത്. എന്നാൽ അതിന് പകരം ലഭിച്ചതോ നാട്ടുകാരുടെ ശത്രുതയും.
വീട്ടിലേയ്ക്കുള്ള കുടിവെള്ളം മുടക്കിയും വീട്ടിലേയ്ക്കുള്ള സാധനങ്ങൾ നൽകരുതെന്ന് പലചരക്ക് കടക്കാരനെ വിലക്കിയും പറമ്പിൽ തേങ്ങയിടാനെത്തുന്ന തെങ്ങുകയറ്റക്കാരനെ തടഞ്ഞുമൊക്കെയാണ് പീഡനം. ഊരുവിലക്ക് കണക്കാക്കാതെ ഇവരോട് ഇടപഴകുന്നവരോട് മറ്റുള്ളവർ സഹകരിക്കാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവ്വകക്ഷിയോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും വിവേചനം തുടരുകയാണ്.
സന്തോഷിന്റെ വീടിന് സമീപത്താണ് പിതൃസഹോദരിയായ 65 വയസുള്ള നാരായണി താമസിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഈ വൃദ്ധയേയും ഊരുവിലക്കിയിരിക്കുകയാണ് ആക്ഷൻ കമ്മിറ്റി. ഇതിനെ തുടർന്ന് അവർ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. സന്തോഷ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കൂകിവിളിക്കുക, കൈകൊട്ടിച്ചിരിക്കുക, പരിഹസിക്കുക എന്നിങ്ങനെയൊക്കെയാണ് നാട്ടുകാരുടെ പ്രതികരണമെന്ന് അവർ നൽകിയ പരാതികളിൽ പറയുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ റിപ്പോർട്ടിൽ ഒറ്റപ്പെടുത്തൽ തുടരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്.
അതേസമയം സന്തോഷിനെ ആരും ഊരുവിലക്കിയിട്ടില്ലെന്നും ടവർ സംബന്ധമായ കാര്യങ്ങൾ സംസാരിക്കാൻ പോയ നാട്ടുകാരോട് സന്തോഷ് മോശമായി സംസാരിച്ചതുകൊണ്ടാണ് ആരും സഹകരിക്കാത്തതെന്നുമാണ് ടവർ വിരുദ്ധ ആക്ഷൻ കൗൺസിലിന്റെ വിശദീകരണം.