പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നുള്ള പിറന്നാൾ ആശംസയെ ഏറെ പ്രാധാന്യത്തോടെ തന്നെ ഫെയ്‌സ് ബുക്ക് സ്ഥാപകൻ സുക്കർബർഗ് കണ്ടു. അതുപോലെ തന്നെ സോഷ്യൽ മീഡിയയും. മോദിയുടെ പിറന്നാൾ ആശംസയ്ക്ക് കിട്ടിയ ലൈക്ക് രണ്ട് ലക്ഷത്തിലും മുകളിലാണ്.

മാർക്ക്, താങ്കൾക്ക് എന്റെ പിറന്നാൾ ആശംസകൾ. താങ്കളുടെ നവീനമായ കണ്ടെത്തൽ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം വലുതാണ്. അത് ഇന്നും ലോകത്തിന് പ്രചോദനമാണെന്നും മോദി കുറിച്ചു. മാസങ്ങൾക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ചയും പരമാർശിച്ചു.

പിറന്നാൾ ദിന സന്ദേശത്തിന് ഉടനെ മറുപടിയുമെത്തി. നല്ല വാക്കുകൾക്ക് നന്ദി. ഇന്ത്യയെ അങ്ങോളം കണക്ട് ചെയ്യാനുള്ള ഞങ്ങളുടെ ശ്രമത്തിന് താങ്കളുടെ നേതൃത്വവും പിന്തുണയും പ്രചോദനം നൽകുന്നു. ഒരു പാട് പേർ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു. എന്നാൽ താങ്കളുടെ സന്ദേശം വലിയ ആശ്ചര്യമുണ്ടാക്കി. താങ്കളുടെ തിരക്കിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. അടുത്ത കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു-ഫെയ്‌സ് ബുക്ക് സ്ഥാപകന്റെ മറുപടി. ഇതിനും ആറായിരത്തോളം ലൈക്കുകൾ കിട്ടി.

മുപ്പതു വയസു തികയുന്ന ഇന്നലെ് തന്നെ സുക്കർബർഗിനെ തേടി ഭാഗ്യദേവതയും എത്തി. ജന്മദിനത്തിൽ ഫേസ്‌ബുക്ക് ഓഹരി വില കുതിച്ചുയർന്നതോടെ സുക്കർബർഗിന്റെ പക്കലുള്ള ഷെയറുകളുടെ വില മൊത്തം 940 കോടി ഡോളർ ആയാണ് ഉയർന്നത്. സുക്കർബർഗിന്റെ 610,455 ഡോളർ വാർഷിക വരുമാനത്തിനു പുറമേയാണിത്.

ഏതായാലും വലിയ ആഘോഷങ്ങൾക്കൊന്നും പിറന്നാൾ ദിനത്തിൽ സുക്കർബർഗിനെ ആർക്കും കിട്ടിയില്ല. ഭാര്യ പ്രിസില്ലയുമൊത്തം വീട്ടിൽ ഒരു ഡിന്നർ. അതായിരുന്നു സുക്കർബർഗിന്റെ ജന്മദിനാഘോഷം. താനൊരിക്കലും പാർട്ടികളുടെ പിന്നാലെ പോകുന്ന വ്യക്തിയല്ലെന്നും ആഘോഷങ്ങളെക്കാളുപരി ജോലിയാണ് ആസ്വദിക്കുന്നതെന്നും ടൗൺ ഹാളിൽ നടന്ന ഒരു മുഖാമുഖം പരിപാടിയിൽ സുക്കർബർഗ് വ്യക്തമാക്കിയിരുന്നു.

ഫേസ്‌ബുക്കിന്റെ 15 ശതമാനത്തോളം ഓഹരികൾ സ്വന്തമായിട്ടുള്ള സുക്കർബർഗിന്റെ മൊത്തം ആസ്തി 350 കോടി ഡോളർ ആയാണ് കണക്കാക്കുന്നത്.