ന്യൂഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജമ്മുകശ്മീരിനേയും ലഡാക്കിനേയും പ്രത്യേകമായി പരാമർശിച്ച് പ്രധാനമന്ത്രി. രാജ്യത്തെ വികസന പ്രക്രീയയിൽ ജമ്മുകശ്മീരും ലഡാക്കും അതിവേഗത്തിൽ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

എല്ലാ പഞ്ചായത്തുകളേയും ശാക്തീകരിച്ചു കൊണ്ടുള്ള ഭരണക്രമമാണ് ജമ്മുകശ്മീരിൽ നടക്കുന്നത്. വികസനപ്രക്രീയയിൽ കേന്ദ്രസർക്കാറിനൊപ്പം ഉയർന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പഞ്ചായത്തുകളേയും ഭരണം നടത്തുന്ന പഞ്ചായത്ത് അധ്യക്ഷന്മാരേയും പ്രധാനമന്ത്രി അനുമോദിച്ചു.

ജമ്മുകശ്മീരിൽ എല്ലാമേഖലകളേയും കൂട്ടിയിണക്കിയുള്ള തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുകയാണ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് ജമ്മുകശ്മീരിലെ പ്രദേശിക ഭരണവ്യവസ്ഥ, നിയമസഭ തുടങ്ങിയ വ്യവസ്ഥകളെ പുനഃക്രമീകരിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പു നടത്തി മികച്ച ജനപ്രതിനിധികളെ സംഭാവന ചെയ്യാൻ ജമ്മുകശ്മീരിനാകണം. വികസനത്തിലൂടെ ജമ്മുകശ്മീരിന് പുതിയ മുഖം നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി തന്റെ സ്വാന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

ലഡാക്കിനെ രാജ്യത്തെ കാർബൺ മുക്ത പ്രദേശമാക്കി മാറ്റുന്ന പ്രക്രീയയാണ് നടക്കുന്നത്. ഇതിനായി സമൃദ്ധമായി ലഭിക്കുന്ന സൗരോർജ്ജംവഴി പ്രദേശത്തിന്റെ എല്ലാ ഊർജ്ജ പ്രതിസന്ധികളേയും പരിഹരിക്കും. വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രസർവ്വകാലാശാല, ഹോട്ടൽമാനേജ്മെന്റ്, ഗവേഷണകേന്ദ്രങ്ങൾ എന്നിവ പൂർത്തീകരണഘട്ടത്തിലാണ്. സിക്കിമിലേതുപോലെ പാരമ്പര്യ ഔഷധങ്ങൾ വളർത്തിവികസിപ്പിക്കുന്ന ആയുർവ്വേദ ഗവേഷണ കേന്ദ്രവും ലഡാക്കിൽ വരികയാണെന്നും പ്രധാമന്ത്രി വ്യക്തമാക്കി.