ന്യൂഡൽഹി: വിദ്യാഭ്യാസ നയത്തിൽ സർക്കാർ ഇടപെടൽ വളരെ കുറച്ച് മതിയെന്ന് ദേശീയ വിദ്യാഭ്യസ നയത്തെ കുറിച്ചുള്ള ഗവർണർമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിദ്യാഭ്യാസ നയം എല്ലാവരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.

'വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇവയ്‌ക്കെല്ലാം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ സർക്കാരുകളുടെ വിദ്യാഭ്യാസ നയത്തിലെ ഇടപെടൽ ഏറ്റവും ചുരുങ്ങിയ അളവിലായിരിക്കണം എന്നതും ശരിയാണ്. വിദേശ നയം, പ്രതിരോധനയം എന്നിവ രാജ്യത്തിന്റേതാണ്. സർക്കാരിന്റേതല്ല. അതുപോലെ തന്നെ വിദ്യാഭ്യാസ നയവും. അത് എല്ലാവരുടേതുമാണ്'- പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴിയുള്ള സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാരും സർവകലാശാ വൈസ് ചാൻസലർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കാമ്പസുകളുടെ ഇന്ത്യയിൽ തുറക്കുന്നതിന് പുതിയ പുതിയ വിദ്യാഭ്യാസ നയം വഴിയൊരുക്കും. രാജ്യത്തെ സാധാരണ കുടുംബങ്ങളിലെ യുവാക്കൾക്കും അതിൽ ചേരാനാകും. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ യുവാക്കളുടെ അറിവും നൈപുണ്യവും ഉപയോഗിച്ച് സജ്ജമാക്കുന്നതാണ് പുതിയ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.